മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു
തൃശൂർ: തൃശൂർ കുന്ദംകുളം കിഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്തു കൊന്നു. കുന്ദംകുളം സ്വദേശി രുഗ്മിണി(57യെയാണ് മകൾ ഇന്ദുലേഖ കൊലപ്പെടുത്തിയത്.സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

അമ്മക്ക് അസുഖമാണെന്ന് പറഞ്ഞ് ഇന്ദുലേഖ രുഗ്മിണിയെ ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെനിന്ന് അസുഖം മാറാത്തതിനെത്തുടർന്ന് തൃശൂരിൽ തന്നെയുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് ഇവരെ മാറ്റി. അതിന് ശേഷം ഇന്നലെ ഇവർ മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന്തരികാവയവങ്ങളിൽ വിഷാംശം കണ്ടെത്തിയത്. തുടർന്ന് സംശയം തോന്നിയ പോലീസ് ഇന്ദുലേഖയെ വിളിച്ച് ചോദ്യം ചെയ്തു. ഇതോടെയാണ് ഇവർ വിഷം നൽകിയ കാര്യം ബോധ്യപ്പെടുന്നത്.

രുഗ്മിണിയുടെ കയ്യിലുണ്ടായിരുന്ന സ്വർണം നേരത്തേ ഇന്ദുലേഖ പണയം വെച്ചിരുന്നു. ഇത് കൂടാതെ കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തതിനാൽ ഇതിന്റെ പേരിൽ ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.