എംഎ യൂസഫലി അത്യാധുനിക ഹെലികോപ്ടർ സ്വന്തമാക്കി
കൊച്ചി: കോഴിക്കോട്ട് എംഎ യൂസഫലിയുമൊത്ത് കല്യാണത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ ഗോൾഡ് കുടുംബത്തിന്റെ വിവാഹത്തിലായിരുന്നു ആ സംഗമം. അന്ന് വഴി നീളെ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണേണ്ടി വന്നു. വിമാനത്തിൽ കയറിയാൽ കരിങ്കൊടി കാണുന്ന ചിന്തകാരണം മടക്കയാത്ര മുഖ്യമന്ത്രി ഹെലികോപ്ടറിലാക്കി. അതും രവി പിള്ളയുടെ അത്യാധുനിക ഹെലികോപ്ടറിൽ. മുമ്പ് യൂസഫലിയുടെ ഹെലികോപ്ടർ ചതുപ്പിൽ വീണ വാർത്തയും ചർച്ചയായിരുന്നു. അതെല്ലാം ഇനി പഴയ കഥ ഇപ്പോഴിതാ ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്റ്ററുകളിൽ ഒന്നായ എച്ച് 145 എയർബസ് സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാനായ എം.എ.യൂസഫലി താരമാകുകയാണ്. ഇനി മുഖ്യമന്ത്രി പിണറായി വിജയന് വേണമെങ്കിൽ അത്യാവശ്യ യാത്രകൾ ഈ ഹെലികോപ്ടറിലും നടത്താനാകും. രവി പിള്ളയുടെ കൈയിലുള്ള അതേ മോഡൽ ഹെലികോപ്ടറാണ് യൂസഫലിയും സ്വന്തമാക്കുന്നത്.
യൂസഫലിയുടെ പുതിയ ഹെലികോപ്റ്റർ കൊച്ചിയിൽ പറന്നിറങ്ങി. ആധുനികതയും സാങ്കേതിക മികവും സുരക്ഷാ സജ്ജീകരണങ്ങളും മറ്റും ഉൾപ്പെടുത്തി രൂപകൽപന ചെയ്തിരിക്കുന്ന ഹെലികോപ്റ്റർ ജർമനിയിലെ എയർബസ് കമ്പനിയിൽനിന്നുള്ളതാണ്. ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള എച്ച് 145 ഹെലികോപ്റ്ററാണ് എം.എ.യൂസഫലി സ്വന്തമാക്കിയത്. സുരക്ഷയും ആഡംബരവും ഒത്തു ചേരുന്ന ഹെലികോപ്ടർ. അപകട സാധ്യത തീരെ കുറവ്.
നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്റ്ററിനുള്ളത്. ഒരേസമയം രണ്ടു ക്യാപ്റ്റന്മാർക്കു പുറമേ ഏഴു യാത്രക്കാർക്കു സഞ്ചരിക്കാൻ കഴിയുമെന്നതാണു മറ്റൊരു പ്രത്യേകത. 785 കിലോവാട്ട് കരുത്തു നൽകുന്ന രണ്ടു സഫ്രാൻ എച്ച് ഇ എരിയൽ 2 സി 2 ടർബോ ഷാഫ്റ്റ് എൻജീൻ. മണിക്കൂറിൽ ഏകദേശം 246 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. സമുദ്രനിരപ്പിൽനിന്നു 20,000 അടി ഉയരത്തിൽ വരെ പറന്നുപൊങ്ങാനുള്ള ക്ഷമതയുമാണു പ്രത്യേകത.
ലോകത്തെ അത്യാഡംബര ഹെലികോപ്റ്ററുകളിൽ മുൻപന്തിയിലുള്ള എയർബസ് ‘എച്ച് 145’ ഹെലികോപ്റ്റർ ലുലു ഗ്രൂപ്പിന്റെ അഭിമാനമാകും ഇനി. ഹെലികോപ്റ്ററിൽ ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുവപ്പ് നിറത്തിൽ പച്ച കലർന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്. ഏതാണ്ട് 100 കോടി രൂപയാണ് ഇതിന് ചെലവുവന്നത്.
2021 ഏപ്രിൽ 11നായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ ചതുപ്പിൽ പതിച്ചത്. രണ്ട് പൈലറ്റുമാർക്കു പുറമെ യൂസഫലിയും ഭാര്യയും അടക്കം നാലു യാത്രക്കാരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇവർ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഇറ്റാലിയൻ കമ്പനി അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ ഹെലികോപ്റ്ററായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്.
എയർബസ് നിർമ്മിച്ച ഹെലികോപ്റ്റർ ആദ്യമായി ഇന്ത്യയിൽ ഒരാൾ വാങ്ങിയത് രവിപിള്ളയായിരുന്നു. കടൽ നിരപ്പിൽ നിന്ന് 20000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പറന്നുയരാനും കഴിയും എന്നതാണ് എച്ച്145ന്റെ പ്രധാന സവിശേഷത. പൈലറ്റിനെ കൂടാതെ 7 പേർക്കാണ് ഇതിൽ യാത്ര ചെയ്യാനാവുക. അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനർജി അബ്സോർബിങ് സീറ്റുകൾ അടക്കമുള്ളവയാണ് ഇവ.
അപകടം സംഭവിച്ചാൽ ഹെലികോപ്ടറിൽ നിന്ന് ഇന്ധനം ചോരുന്നതിനുള്ള സാധ്യതയും വളരെ കുറവാണ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയിൽ വാർത്താവിനിമയം നടത്താനുള്ള വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റവും ഈ ഹെലികോപ്റ്ററിലുണ്ട്.