മാളുകളിലെ പാര്‍ക്കിങ് ഫീസ് തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു
കൊച്ചി: ഷോപ്പിങ് മാളുകളിലും വാണിജ്യ സ്ഥാപനങ്ങളിലും മറ്റും പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ ഇടുന്നതിന് ഫീസ് ഈടാക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. സംസ്ഥാനത്താകെ ഈ വിഷയം ചര്‍ച്ചയായ സാഹചര്യത്തിലാണിത്.
സി.പി.എമ്മിനുതന്നെ ഇക്കാര്യത്തില്‍ കര്‍ശന നിയമം കൊണ്ടുവരണമെന്ന അഭിപ്രായമാണുള്ളത്. മുതിര്‍ന്ന നേതാവ് എം.എം. മണിതന്നെ ഈ വിഷയം നിയമസഭയില്‍ കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നിയമ നിര്‍മാണം ഉണ്ടാവുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്.
സ്വകാര്യ കെട്ടിടങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതു സംബന്ധിച്ച പഞ്ചായത്തിരാജ് ആക്ടില്‍ ഒന്നും പറയുന്നില്ല. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതു സംബന്ധിച്ച പരാതികളില്‍ നടപടിയെടുക്കാന്‍ പരിമിതിയുണ്ട്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗം വിഷയം ചര്‍ച്ച ചെയ്യുകയും നിയമത്തിലെ പോരായ്മകള്‍ പരിശോധിക്കുകയും ചെയ്തു. വ്യക്തമായ ചട്ടങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനം.
മാളുകളില്‍ ഫീസ് നല്‍കാതെതന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരാതികളില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
മുനിസിപ്പല്‍ ആക്ട് പ്രകാരം വാണിജ്യ-കച്ചവട സ്ഥാപനങ്ങളുടെ ആകെ വിസ്തീര്‍ണത്തിന്റെ നിശ്ചിത അളവ് പാര്‍ക്കിങ് ഏരിയയ്ക്കായി മാറ്റിവെക്കണം. എന്നാല്‍, ഈ സ്ഥലങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതു സംബന്ധിച്ച് ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. 1994 കേരള പഞ്ചായത്തിരാജ് നിയമത്തിലും പാര്‍ക്കിങ് ഫീസ് സംബന്ധിച്ച് വ്യവസ്ഥയില്ല.
അതേസമയം പാര്‍ക്കിങ് തര്‍ക്കങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ മുന്നില്‍ ധാരാളം എത്തുന്നുണ്ട്. ആ സാഹചര്യത്തിലാണ് ചട്ടങ്ങള്‍ കൊണ്ടുവന്ന് പാര്‍ക്കിങ് ഫീസ് വാങ്ങുന്നത് തടയുന്നതിനായി സര്‍ക്കാര്‍ ആലോചിക്കുന്നത്.