അങ്കണവാടിക്കുള്ളിൽ പാമ്പ്; കുരുന്നുകൾ രക്ഷപെട്ടത് തലനാരിഴക്ക്

മലപ്പുറം: താനൂരിൽ പാമ്പിന്‍റെ കടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അങ്കണവാടി കുരുന്നുകൾ. മലപ്പുറം ഒഴൂർ പഞ്ചായത്ത് മേൽമുറിയിലെ നാൽപ്പത്തി എട്ടാം നമ്പർ അങ്കണവാടിയിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് അങ്കണവാടിയിൽ കുട്ടികളുടെ ഇരിപ്പിടത്തിന് സമീപം പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് അങ്കണവാടി ജീവനക്കാരി പ്രദേശവാസികളെ വിവരം അറിയിക്കുക്കയിരുന്നു.

പ്രദേശവാസികൾ ഉൾപ്പടെയുള്ളവർ അങ്കണവാടിയിൽ എത്തി പാമ്പിനെ പിടികൂടി കുപ്പിയിലാക്കി.
വിവരമറിയിച്ചിട്ടും പഞ്ചായത്ത് അധികൃതർ ഉൾപ്പടെയുള്ളവർ അവിടേക്ക് വന്നില്ലെന്നും നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. അങ്കണവാടിയുടെ ശോചനീയാവസ്ഥ മാസങ്ങൾക്കുമുമ്പ് പഞ്ചായത്ത് അധികൃതരെ ഉൾപ്പടെ അറിയിച്ചെന്നാണ് അങ്കണവാടി ജീവനക്കാർ പറയുന്നത്. ഇത് വാർത്തയാവുകയും ചെയ്തിരുന്നു. എന്നാൽ അങ്കണവാടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ ഇതുവരെ തയ്യാറായില്ല എന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. 12 കുട്ടികൾ പഠിക്കുന്ന ഈ അങ്കണവാടിയിൽ കുട്ടികൾ ഉള്ള സമയത്താണ് പാമ്പിനെ കണ്ടെത്തിയത്.

പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർ അങ്കണവാടിയിലേക്ക് എത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ അവിടെ നിന്ന് പിടികൂടിയ പാമ്പിനെ കുപ്പിയിലാക്കി പഞ്ചായത്ത് കവാടത്തിന് മുന്നിൽ കൊണ്ടുവന്ന് പ്രതിഷേധിച്ചു.തുടർന്ന് അംഗനവാടിയിൽ നിന്നും പിടികൂടിയ പാമ്പിനെ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. അതേസമയം കൃത്യസമയത്ത് അങ്കണവാടി ജീവനക്കാരി പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ടതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. പഞ്ചായത്തിന്‍റെ ഉൾപ്പെടെയുള്ള അനാസ്ഥയാണ് അങ്കണവാടിയുടെ ശോചനീയാവസ്ഥക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.