കെ എം ബഷീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം! പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി : മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ അബ്ദു റഹ്‌മാൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിഷയത്തിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. സിബിഐ അടക്കമുള്ള എതിർകക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി ഓണാവധി കഴിഞ്ഞ് കോടതി പരിഗണിക്കും.
കെ എം ബഷീറിന്റെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുഹ്‌മാൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷനും പൊലീസും പ്രതിയെ സഹായിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.
അപകട ദിവസം കെ.എം ബഷീറിന്റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു.എന്നാൽ ഈ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ദുരൂഹമാണ്. ഫോണിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകൾ ഉള്ളതായി സംശയിക്കുന്നുവെന്നും ഹർജിയിലുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിലുണ്ട്.
പ്രോസിക്യൂഷൻ പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. നിലവിലെ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണ്. ഈ റിപ്പോർട്ട് അനുസരിച്ച് പ്രതിക്കെതിരെ യാതൊരു നടപടിക്കും സാധ്യതയില്ല. അതുകൊണ്ടുതന്നെ കേസ് സിബിഐ അന്വേഷിക്കണം. ബഷീറിന്റെ മരണത്തിൽ ചില ദുരൂഹതകളുണ്ട്. എല്ലാ സംശയങ്ങളും നീങ്ങുന്നതിന് സിബിഐ അന്വേഷണം വേണമെന്നും ബഷീറിന്റെ സഹോദരൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടക്കുന്നതിനിടെ ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരുന്നു.സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. പ്രതിപക്ഷവും മാധ്യമപ്രവർത്തകരുടെ സംഘടനയും നിയമനത്തിന് എതിരെ കടുത്ത നിലപാടെടുത്തു.
നിയമനത്തിൽ തെറ്റില്ലെന്നും പുനപരിശോധിക്കില്ലെന്നും ആദ്യഘട്ടത്തിൽ സർക്കാർ ഉറച്ച് നിന്നെങ്കിലും പ്രതിഷേധം കടുത്തതോടെ പിൻവാങ്ങേണ്ടി വന്നു. തുടർന്ന് ആലപ്പുഴയിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി സപ്ലൈകോ ജനറൽ മാനേജരായി നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു.