ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം; കലക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് മലപ്പുറം കലക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ജില്ലയിലെ താലൂക്ക് ഓഫീസുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കലക്ടറേറ്റില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക്ക് ജില്ലാ കലക്ടര്‍ വി. ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ രാഷ്ട്രീയപാര്‍ട്ടി പ്രധിനിധികളുടെ യോഗം ഇന്ന് ( ഓഗസ്റ്റ് 27) വൈകീട്ട് നാലിന് ചേരും.
ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍
വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ നാല് മാര്‍ഗങ്ങളിലൂടെ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റ www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈല്‍ ആപ്പ് (VOTER HELPLINE APP-V.H.A), https://voterportal.eci.gov.in/ എന്ന വോട്ടര്‍ പോര്‍ട്ടല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചും ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേന ഫോം ആറ് ബിയില്‍ സമര്‍പ്പിച്ചും ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം. പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ ഫോം ആറിലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതി. പട്ടിക പുതുക്കലിന്റെയും ബന്ധിപ്പിക്കലിന്റെയും ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) ദിവസവും പത്തു വീടുകള്‍ സന്ദര്‍ശിക്കും.
നവംബര്‍ ഒന്‍പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ എട്ടുവരെ തിരുത്തലുകള്‍ വരുത്താനും ആക്ഷേപങ്ങള്‍ നല്‍കാനും അവസരമുണ്ട്. 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. ഈ വര്‍ഷം ജനുവരി ഒന്നിന് പുറമേ ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികളില്‍ 18 വയസു പൂര്‍ത്തീകരിക്കുന്നവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷിക്കാം. മുന്‍കൂര്‍ അപേക്ഷകര്‍ക്കു 18 വയസ് പൂര്‍ത്തിയാകുന്നതനുസരിച്ച് അപേക്ഷകളില്‍ തീരുമാനമെടുക്കും. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവിധ ഫോമുകളിലും മാറ്റങ്ങളുണ്ട്.