അര്‍ജ്ജുന്‍ ആയങ്കി കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ അറസ്റ്റില്‍
മലപ്പുറം: സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജ്ജുന്‍ ആയങ്കി കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ നിന്നും കൊണ്ടോട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ കൊണ്ടോട്ടി സ്റ്റേഷനില്‍ ഹാജരാക്കി ക്യാരിയുടെ ഒത്താശയോടെ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം കൊള്ളയടിച്ചെന്നാണ് കേസ്. അര്‍ജ്ജുന് കണ്ണൂര്‍ ജില്ലയില്‍ വിലക്കേര്‍പ്പെടുത്തികൊണ്ട് പൊലീസ് ചുമത്തിയ കാപ്പ കഴിഞ്ഞയാഴ്ച്ചയാണ് നീക്കിയത്. അതിനിടെയാണ് അറസ്റ്റ്. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ സ്വര്‍ണം കവര്‍ന്ന ക്രിമിനല്‍ സംഘത്തിലെ പ്രധാന കണ്ണി അര്‍ജ്ജുന്‍ ആയങ്കിയാണെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. സ്വര്‍ണം പൊട്ടക്കല്‍ എന്ന കോഡ് വാക്കില്‍ വിശേഷിപ്പിക്കുന്ന ഈ കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ആസൂത്രണം നടന്നിരുന്നുവെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്.
സ്ഥിരം കുറ്റവാളിയാണെന്ന കണ്ടെത്തലിലാണ് കാപ്പ ചുമത്തിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ കാവലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി അര്‍ജുന്‍ ആയങ്കിക്കെതിരെ ഡിവൈഎഫ്‌ഐ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അര്‍ജ്ജുന്‍ ആയങ്കി ഉള്‍പ്പെടുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ക്രിമിനലുകളാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് എസ് സതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗം മനു തോമസിനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയതോടെയായിരുന്നു ഇരുവരും തമ്മില്‍ വീണ്ടും വാക്‌പോര് ഉടലെടുത്തത്. സ്വര്‍ണക്കടത്ത് സംഘങ്ങളില്‍പ്പെട്ട ഇവര്‍ ഡിവൈഎഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നായിരുന്നു പരാതി. ഇതിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അര്‍ജ്ജുന്‍ ആയങ്കി മറുപടി നല്‍കുകയായിരുന്നു.