സ്‌കൂൾ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന; കുഞ്ഞ് മക്കളെ എല്ലാം സുരക്ഷിതരാക്കിയ ശേഷം സൈഡിൽ ഒതുക്കി പിന്നാലെ കുഴഞ്ഞ് വീണു മരിച്ചു.

ഹരിപ്പാട്: സ്‌കൂൾ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ ബസ് റോഡ് സൈഡിൽ ഒതുക്കി നിർത്തിയതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. മിനി ബസിന്റെ ഡ്രൈവർ കരുവാറ്റ കാട്ടിൽ കിഴക്കതിൽ രമേശൻ (60) മിനി ബസിലുണ്ടായിരുന്ന 12 കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം മരണത്തിലേക്ക് യാത്രയായത്.

ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. മിനി ബസ് ദേശീയപാതയിൽ കരുവാറ്റ വട്ടമുക്കിൽ നിന്ന് എസ്എൻ കടവിലെത്തി കുട്ടികളെ കയറ്റി മടങ്ങിയതിന് പിന്നാലെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട രമേശൻ പെട്ടെന്നു വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്തി. പിന്നാലെ സീറ്റിൽ ചരിഞ്ഞു വീണു. ബസിലെ ആയ വിജയലക്ഷ്മി കുലുക്കി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. രമേശന്റെ ശരീരമാകെ വിയർത്തിരുന്നു. തുടർന്ന് അവർ പുറത്തിറങ്ങി ബഹളം വച്ച് നാട്ടുകാരുടെ സഹായത്തോടെ കാറിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, രമേശന്റെ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു.

രണ്ടു വശത്തും പാടങ്ങളുള്ള ഭാഗത്തു വച്ചാണ് രമേശൻ കുഴഞ്ഞുവീണത്. ബസ് നിർത്തിയില്ലെങ്കിൽ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയാൻ സാധ്യത ഏറെയാണ്. ഷീജയാണ് രമേശന്റെ ഭാര്യ. മക്കൾ: രഞ്ജിത്, ആദിത്യ. മരുമകൾ: ജ്യോതി.