കരിപ്പൂരിൽ സ്റ്റീമറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മലപ്പുറം: സ്റ്റീമറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂരിൽ പിടികൂടി. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി അബൂബക്കർ സിദ്ദീഖാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 497 ഗ്രാം സ്വർണം കടത്താനാണ് ശ്രമിച്ചത്. ഇതിന് വിപണിയിൽ 25,81,915 രൂപ മൂല്യം വരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തു കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിലായതും ഈ മാസം തന്നെയാണ്. കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയെയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. കടത്ത് സ്വർണവും നിരവധി പാസ്പോർട്ട്കളും ഇയാളിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. 320 ഗ്രാമം സ്വർണവും അഞ്ച് ലക്ഷം രൂപയുമാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ പക്കൽ നിന്ന് കണ്ടെടുത്തത്. മലപ്പുറം എസ് പി യുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഷാർജയിൽ നിന്ന് കടത്തിയ ഒരു കിലോയിലധികം സ്വർണവും ആഗസ്റ്റ് 16ന് പിടികൂടിയിരുന്നു. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് തൂണേരി സ്വദേശി മുഹമ്മദ് ആസിഫാണ് അന്ന് സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിലുള്ള സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. മുഹമ്മദ് ആസിഫിനെ സ്വീകരിക്കാനെത്തിയ മലപ്പുറം മമ്പാട് സ്വദേശി മുഹമ്മദ് യാസിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.