ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ ചികില്‍സ വൈകി രോഗി മരിച്ചു.
കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചിട്ടും ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ ചികില്‍സ വൈകി രോഗി മരിച്ചു. ഫറോക്ക് കരുവന്‍തിരുത്തി എസ്പി ഹൗസില്‍ കോയമോന്‍ (66) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് സ്കൂട്ടര്‍ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടന്‍തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. എന്നാല്‍, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോയമോനുമായെത്തിയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല.
മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമോന്‍ അരമണിക്കൂറോളം ആംബുലന്‍സിനകത്ത് കുടുങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. ചെറൂട്ടി റോഡിലെ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായ കോയമോന്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണു സ്കൂട്ടര്‍ ഇടിച്ചത്. സംഭവത്തില്‍ ബീച്ച് ആശുപത്രി ആര്‍എംഒ അന്വേഷണം നടത്തും.