സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ നിര്യാതനായി
തിരൂർ:: മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ വഫാത്തായി. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വെെകീട്ട് ആറരയോടെയായിരുന്നു വിയോഗം. ഉച്ചക്ക് 2 മണിക്ക് കൊയിലാണ്ടി വലിയകത്ത് മഖാമിൽ ഖബറടക്കും.

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനായി 1941 മാര്‍ച്ച് 10ന് ജനനം. മുപ്പത് വർഷത്തോളം മലേഷ്യയിൽ സേവനമനുഷ്ടിച്ച തങ്ങൾ മലയാളികൾക്ക് മാത്രമല്ല, തദ്ദേശീയർക്കും അഭയകേന്ദ്രമായിരന്നു. മലേഷ്യൻ മുൻ പ്രധാന മന്ത്രി മഹാദിർ മുഹമ്മദടക്കം പല ഉന്നതരുമായി നേരിട്ട് ബന്ധം പുലർത്തി. തൊണ്ണൂറോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മലേഷ്യയിൽ നിന്ന് തിരിച്ചുവന്ന് കേരളത്തിൽ സ്ഥിരതാമസം തുടങ്ങിയ സമയം മർകസിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാവുകയും മർകസിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചുവരികയുമായിരുന്നു. മക്കൾ: സയ്യിദ് സഹൽ ബാഫഖി, ശരീഫ സുൽഫത്ത് ബീവി. മരുമക്കൾ: സയ്യിദ് ഫൈസൽ, ശരീഫ ഹന ബീവി. സഹോദരങ്ങൾ: സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് അബൂബക്കർ ബാഫഖി, സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് ഇബ്‌റാഹിം ബാഫഖി, സയ്യിദലി ബാഫഖി, സയ്യിദ് ഹസൻ ബാഫഖി, സയ്യിദ് അഹ്‌മദ് ബാഫഖി, ശരീഫ മറിയം ബീവി, ശരീഫ നഫീസ ബീവി.