പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ; റബർ തോട്ടത്തിലാണ് സംഭവം; വലിയ കൃഷിനാശം സംഭവിച്ചു
മലപ്പുറം: മഞ്ചേരി പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ. കളംകോടിലെ റബർ തോട്ടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ല. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പന്തല്ലൂർ മലയുടെ മധ്യഭാഗത്തു നിന്നാണ് ഉരുൾപൊട്ടി മണ്ണിടിഞ്ഞത്. ഇന്നലെ രാത്രി വലിയ രീതിയിലുള്ള ശബ്ദം കേട്ടിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുട്ടായത് കൊണ്ടു ഈ ഭാഗത്തേക്ക് പ്രദേശവാസികൾക്ക് എത്താൻ സാധിച്ചിരുന്നില്ല. രാവിലെ പ്രദേശത്ത് എത്തിയപ്പോഴാണ് ഉരുൾപൊട്ടി മണ്ണിടിച്ചിൽ ഉണ്ടായത് കണ്ടത്.

ഏകദേശം 300 മീറ്ററോളം ഭാഗത്ത് ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായി. പ്രദേശത്ത് ജനവാസം ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. സംഭവസ്ഥലത്തിനു തൊട്ടു താഴെയാണ് ജനവാസ മേഖല. മണ്ണിടിച്ചിലിൽ റബ്ബർ ഉൾപ്പെടെയുള്ള നിരവധി മരങ്ങൾ നിലം പതിച്ചു. വലിയ കൃഷിനാശമാണ് സംഭവിച്ചിട്ടുള്ളത്. ജനവാസമേഖലയിലേക്ക് മണ്ണ് എത്തിയിട്ടില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. തോട്ടം മേഖലയിലേക്കുള്ള ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
കരിങ്കൽ ക്വാറിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്ന മേഖലയാണ് ഇവിടം. ഉരുൾപൊട്ടൽ കൂടി ഉണ്ടായതോടെ പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കാൻ സാധ്യതയുണ്ട്.