വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്‌നേഹ സംവാദങ്ങള്‍ നടത്തുക; ഭരണഘടനയെ തകര്‍ക്കുന്ന ദേശവിരുദ്ധര്‍ക്കെതിരെ കൂടിച്ചേരുക: സാദിഖലി തങ്ങള്‍


ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയെ ഒളിഞ്ഞും തെളിഞ്ഞും തകര്‍ക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ഡെമോക്രാറ്റുകളുടെയും സെക്യുലറിസ്റ്റുകളുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യത്ത് ബിജെപി ഉയര്‍ത്തുന്ന ഹിന്ദുത്വ വാദങ്ങള്‍ക്കെതിരെ മുസ്്ലിംലീഗ് നടത്തുന്ന പോരാട്ടത്തില്‍ മതേതര കക്ഷികളും പങ്കാളികളാവണം. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ്. വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ സെക്യുലറിസ്റ്റ് ചിന്താധാരക്ക് കൂടുതല്‍ പ്രസക്തി കൈവന്നിരിക്കുകയാണ്. സമൂഹത്തില്‍ സഹിഷ്ണുതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ കാമ്പയിന്‍ മുസ്്‌ലിംലീഗ് നടത്തിവരികയാണെന്നും ഈ കൂട്ടായ്മയുടെ പ്രസക്തി എല്ലാവരും ഉള്‍ക്കൊള്ളണമെന്നും തങ്ങള്‍ പറഞ്ഞു.

ചെന്നൈയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് ദേശീയ നിര്‍വ്വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍. രാജ്യത്തെ മുസ്്‌ലിംകളെയും ഇതര ന്യൂനപക്ഷ പിന്നോക്കക്കാരെയും ശത്രുക്കളായി പ്രഖ്യാപിച്ചുള്ള ബിജെപിയുടെ ഭരണകൂട ഭീകരത അധികകാലം നീണ്ടുപോകുമെന്ന് ആരും കരുതേണ്ടതില്ല. സമീപകാലത്ത് തന്നെ കനത്ത തിരിച്ചടി അവര്‍ നേരിടേണ്ടിവരും. മുസ്്‌ലിം സമൂഹത്തെ മാനസികമായി തളര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ നടത്തുന്ന ഭരണകൂട സംവിധാനം ഇപ്പോള്‍ കായികമായും നേരിടുകയാണ്. അവരുടെ വീടുകളും സ്ഥാപനങ്ങളും വരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് സാമ്പത്തികമായി നശിപ്പിക്കുകയാണ്. ഈ പീഡിത വിഭാഗങ്ങളെ ഒറ്റപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ല. രാജ്യത്തെ ജാതീയമായും മതപരമായും കീറിമുറിക്കുന്നതിലൂടെ ലോകത്ത് യശ്ശസ്സോടെ ഉയര്‍ന്നു നില്‍ക്കുന്ന ഇന്ത്യ തകരുന്നതായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടി പരിപാടികള്‍ വിശദീകരിച്ചു. ദേശീയ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ സന്ദേശം എത്തിക്കാനും ഘടകങ്ങള്‍ രൂപീകരിക്കാനും കമ്മിറ്റി പദ്ധതികള്‍ ആവിഷ്‌കരിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മതേതര പാര്‍ട്ടികളുമായി കൂട്ടായ്മകളുണ്ടാക്കും. സമൂഹത്തില്‍ സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നതിന് രാജ്യവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കും. ദേശീയ വൈസ് പ്രസിഡന്റ് എം.പി അബ്ദുസ്സമദ് സമദാനി സമ്മേളന പ്രമേയം വിശദീകരിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗാനന്തരം ചേരുന്ന ആദ്യത്തെ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ തങ്ങളെ അനുസ്മരിച്ച് കൊണ്ട് സമദാനി നടത്തിയ ഉറുദു പ്രസംഗം വികാര നിര്‍ഭരമായി.

നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ രാജ്യത്തെ ന്യൂപക്ഷ സമുദായങ്ങള്‍ രാജ്യത്തുടനീളം സ്‌നേഹ സംവാദങ്ങള്‍ സംഘടിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലും നടന്ന ധര്‍മ്മ സന്‍സദ് സമ്മേളനത്തില്‍ ക്രിസ്ത്യന്‍, മുസ്്‌ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രസ്താവനകളെ ശക്തമായി അപലപിച്ചു.
മുസ്്‌ലിംകളുടെ ഉന്മൂലനം ആവശ്യമാണെന്ന് ഹരിദ്വാര്‍ സമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിക്കുകയും രാജ്യത്തെ ക്രിസ്ത്യന്‍ മുസ്്‌ലിം സമുദായങ്ങളുടെ വോട്ടവകാശം ഹനിക്കാനുമുള്ള ആഹ്വാനത്തെ ഭരണകൂടം തള്ളപ്പറയാത്തതില്‍ യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു.
1991-ല്‍ നടപ്പാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാനും നിയമം നടപ്പിലാക്കാനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള സെന്‍സസ് സംവിധാനം നടപ്പിലാക്കണം. ഇതിന്റെ കൃത്യത ഉറപ്പുവരുത്താന്‍ കണക്കെടുപ്പില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വ്യത്യസ്ത സമുദായങ്ങള്‍ ഉപയോഗിക്കുന്ന ആരാധനാലയങ്ങളെ പൗരാണിക-ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. ഇക്കാലയളവില്‍ മണ്‍മറഞ്ഞ നേതാക്കളെയും പ്രവര്‍ത്തകരെയും യോഗം അനുസ്മരിച്ചു.