മരക്കൊമ്പ് ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

മലപ്പുറം: നിലമ്പൂരിൽ റബർ മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് തലയിൽ വീണ് തൊഴിലാളി മരിച്ചു. ചാലിയാർ പഞ്ചായത്തിലെ ആനപ്പാറ സ്വദേശി കളത്തിങ്ങൽ തൊടി അബ്ദുൾ നാസർ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് തോട്ടു പൊയിലിലെ പി വി അബ്ദുൾ വഹാബ് എംപിയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽ റബർ മുറിക്കുന്നതിനിടെ അപകടം സംഭവിച്ചത്. തൊഴിലാളികൾ റബ്ബർ മരം മുറിച്ചു മാറ്റുന്നതിന് ഇടയിൽ കൊമ്പൊടിഞ്ഞ് തലയിൽ വീഴുകയായിരുന്നു.

ഗുരുതര പരിക്കേറ്റ നാസറിനെ മറ്റു തൊഴിലാളികളുടെ നേതൃത്വത്തിൽ ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതര മുറിവാണ് നാസറിന്റെ മരണകാരണമെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. മിഷൻ വാൾ ഉപയോഗിച്ച് അബ്ദുൾ നാസർ മരംമുറിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി മരക്കൊമ്പ് നാസറിന്റെ തലയിലേക്ക് പൊട്ടിവീഴുകയായിരുന്നുവെന്ന് മറ്റു തൊഴിലാളികൾ പറഞ്ഞു.

മരത്തിന്റെ കൊമ്പ് നേരത്തെ തന്നെ ഒടിഞ്ഞിരുന്നു. എന്നാൽ ഇത് മരം മുറിക്കാൻ എത്തിയ തൊഴിലാളികൾ കണ്ടിരുന്നില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയത്. മരക്കൊമ്പ് ഒടിഞ്ഞ് വീഴുന്നത് മറ്റ് തൊഴിലാളികൾ കണ്ടിരുന്നു. ഇക്കാര്യം ഉച്ചത്തിൽ വിളിച്ച് നാസറിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും മരംമുറി യന്ത്രം പ്രവർത്തിക്കുന്നതിന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞില്ല. മൃതദേഹം നിലമ്പൂർ പോലീസിൻറെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും