മാനവ സൗഹാര്‍ദ്ദം നിലാവായി പെയ്തിറങ്ങിയ കലയുടെ മഴ നിലാവ്
മലപ്പുറം: കലാരംഗത്തെ മൂന്ന് പ്രതിഭകള്‍ക്കുള്ള ആദരം മാനവ സൗഹാര്‍ദ്ദത്തിന്റെ കൂട്ടുച്ചേരലായി. വള്ളിക്കാപറ്റയിലെ പൂങ്കുടില്‍ മനയുടെ മുറ്റത്തെ ജനനിബിഡമായ സദസ്സ് വിശാല സൗഹാര്‍ദ്ദത്തിന്റെ സാംസ്‌ക്കാരിക സംഗമമായി.
മഞ്ചേരിയിലെ സാംസ്‌ക്കാരിക കൂട്ടായ്മയായ കല എന്ന സാംസാകാരിക കൂട്ടായ്മയാണ് മഴനിലാവ് എന്ന് പേരില്‍ കലാപ്രതിഭകളായ ആര്‍ട്ടിസ്റ്റ് സഗീര്‍, കലാമണ്ഡലം സരോജിനി, മുഹ്‌സിന്‍ കുരിക്കള്‍ എന്നിവരെ ആദരിച്ചത്.
എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കലയുടെ ഉന്‍മാദം എല്ലാ വിഭാഗീയതകളേയും കഴുകിക്കളയുമെന്നും വര്‍ത്തമാന കാലത്ത് വിശാല മനസ്സോടെ മനുഷ്യര്‍ ഒത്തുചേരുന്നതു പ്രസക്തമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.
കലാപ്രതിഭകളായ ആര്‍ട്ടിസ്റ്റ് സഗീര്‍, കലാമണ്ഡലം സരോജിനി, മുഹ്‌സിന്‍ കുരിക്കള്‍ എന്നിവരെക്കുറിച്ചു തയ്യാറാക്കിയ സര്‍ഗ്ഗ വഴിയിലെ ആകാശങ്ങള്‍ എന്ന പുസ്തകം അഡ്വ: സി.ശ്രീധരന്‍ നായര്‍ക്ക് നല്‍കിക്കൊണ്ട് ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു.

പൂങ്കുടില്‍ മനയിലെ ദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
അജീഷ് ചെന്നൈ ,കാര്‍ത്തിക ടീം അവതരിപ്പിച്ച ഭരതനാട്യ കച്ചേരിയും ആരാധിക രാജേഷ്, വിനു അമ്പാടി, ദേവി നന്ദന എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കുച്ചുപ്പുടിയും ആസ്വാദകരില്‍ വിസ്മയം സൃഷ്ടിച്ചു. അഷ്‌റഫ് കുരിക്കളുടെ അക്കോര്‍ഡിയന്‍ വാദനവും സജീഷ് വൈഖരിയുടെ ഒറ്റയാള്‍ നാടകവും ലത്തീഫ് നഹയുടെ മുകേഷ് ഗാനാലാപനവും മുഹ്‌സിന്‍ കുരിക്കളുടെ നേതൃത്വത്തില്‍ നടന്ന മെഹ്ഫിലും പുലരുവോളം കലാസ്വാദകര്‍ക്ക് ആസ്വാദ്യത പകര്‍ന്നു. അഡ്വ.ടി.പി. രാമചന്ദ്രന്‍, ഡി.പ്രദീപ് കുമാര്‍,അബ്ദുള്ളക്കുട്ടി എടവണ്ണ, വി.പി.ഷൗക്കത്തലി, എം ടി . നിലമ്പൂര്‍,
അജയ് സാഗ, കണ്ണൂര്‍ ജില്ലാ ജഡ്ജി ആര്‍ എല്‍. ബൈജു ,സബ് ജഡ്ജി നൗഷാദ് കണ്ണിയന്‍, ഉസ്മാന്‍ ഇരുമ്പുഴി, പി.പി.മുഹമ്മദലി മാസ്റ്റര്‍, മെഹബൂബ് കാവനൂര്‍ എന്നിവര്‍ സംസാരിച്ചു.