മുസ്‌ലിംലീഗിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്ന പുസ്തകം; മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ പാർട്ടിക്കെതിരായ കേസിനെ നേരിടും; പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിംലീഗിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്ന പുസ്തകം ആണെന്നും മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ പാർട്ടിക്കെതിരായ കേസിനെ നേരിടുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ച സംഭവത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കേസ് മുസ്ലിംലീഗിനെതിരെയല്ല. പൊതുവായി വന്ന ഒരു കേസാണ്. ഏഴു പതിറ്റാണ്ടിലേറെ കാലം അന്തസ്സോടെ രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ അഭിമാനത്തോടെ തന്നെ ഈ വെല്ലുവിളിയെ നേരിടും.- അദ്ദേഹം പറഞ്ഞു.

പാർട്ടി ഈ വിഷയം ഭീഷണിയായി കാണുന്നില്ല. മുഴുവൻ വിവരങ്ങളും ശേഖരിച്ച ശേഷം ഭരണഘടനാപരമായും നിയമപരമായും നേരിടും. രാജ്യത്ത് സൗഹൃദവും മതേതരത്വവും നിലനിർത്താൻ വേണ്ടി പ്രയത്‌നിച്ച പാർട്ടിയാണ് മുസ്ലിംലീഗ്. ഇത് ഇന്ത്യൻ ജനത അനുഭവിച്ച യാഥാർത്ഥ്യമാണ്. മുസ്ലിംലീഗിന്റെ മതേതര നിലപാടുകൾ തെളിയിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.