ക്ഷേത്രത്തില്‍ മോഷണം നടത്തിയ കര്‍ണാടക സ്വദേശി മലപ്പുറത്ത് പിടിയില്‍
മലപ്പുറം: നെടിയിരുപ്പ് പൊയിലിക്കാവ് കരിങ്കാളി ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയ കേസിലെ പ്രതി കര്‍ണാടക സ്വദേശി പിടിയില്‍. കര്‍ണാടക ചിക്കബല്ലാപ്പുര പ്രശാന്ത് നഗറിലെ അര്‍ജ്ജുൻ (34) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 13ന് വൈകീട്ട് നാല് മണിക്കാണ് ഇയാള്‍ ക്ഷേത്ര ഭണ്ഡാരം തകര്‍ത്തു മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതി സഞ്ചരിച്ച മോട്ടോര്‍ സൈക്കിളിന്റെ പകുതി നമ്പര്‍ ലഭിച്ചിരുന്നു. ഇത് വച്ചാണ് അന്വേഷണം നടത്തിയത്. ഇതില്‍ പ്രതി കര്‍ണാടകത്തിലെ ചിക്കബല്ലാപ്പുരയില്‍ ഉണ്ടെന്ന് കണ്ടെത്തി.
പ്രതിയുടെ പേരിൽ ചിക്കബല്ലാപ്പുര ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, മാല പൊട്ടിക്കുന്നതിനിടെ സ്ത്രീയെ ആയുധമുപയോഗിച്ച് കൊലപെടുത്താന്‍ ശ്രമം തുടങ്ങി ആറോളം കേസുകൾ നിലവിലുണ്ട്. മുന്‍ വര്‍ഷങ്ങളിലും ഇയാള്‍ക്കെതിരെ ചിക്കബല്ലാപുര ടൗണ്‍ സ്റ്റേഷനിലും റൂറല്‍ സ്റ്റേഷനിലുമടക്കം അഞ്ചോളം കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.
കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്‌റഫിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ എന്‍ മനോജ്, എസ് ഐ രാമന്‍, എസ്‍സിപിഒ സുഭാഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ കര്‍ണാടകയില്‍ കണ്ടെത്തിയത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോൾ ചിക്കബല്ലാപ്പുര ജയിലിലാണ്.