കൈക്കുഞ്ഞുമായി മയക്ക്മരുന്ന് കടത്താൻ ശ്രമിച്ച ദമ്പതികളടക്കം നാലു മലപ്പുറം സ്വദേശികൾ ചെക്ക്പോസ്റ്റിൽ പിടിയിൽ
മലപ്പുറം: വഴിക്കടവ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ MDMAയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീൻ സി.പി., ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീൻ എൻ.കെ. എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടി. കുടുംബസമേതം ബാംഗ്ലൂരിൽ പോയി MDMA വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലമ്പൂർ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സി. സന്തോഷ് അറസ്റ്റ് ചെയ്തത് .

കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്പതിമാർ ലഹരി വസ്തു കടത്താൻ ശ്രമിച്ചത്. കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ബംഗലൂരുവിൽ നിന്നും MDMA എടുത്ത്, ഗൂഡല്ലൂർ നാടുകാണി ചുരം വഴി കേരളത്തിൽ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗൂഡല്ലൂർ വരെ ജീപ്പിൽ വന്ന ഇവർ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര. കുഞ്ഞുങ്ങളുമായി ബൈക്കിൽ വരുന്നവരെ കാര്യമായി പരിശോധിക്കില്ലെന്ന് കരുതിയാണ് ഇവർ ഈ വഴി സ്വീകരിച്ചതെന്നാണ് കരുതുന്നത്. അസ്‌ലാമുദ്ധീൻ, ഷിഫ്ന എന്നിവർ കുട്ടികളുമായി ബൈക്കിലും മുഹമ്മദ് സാദത്ത് ജീപ്പിലും കമറുദ്ദീൻ മറ്റൊരു ഇരുചക്ര വാഹനത്തിലുമായിരുന്നു. കടുത്ത തണുപ്പിൽ ബൈക്കിൽ വന്നപ്പോൾ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

MDMA മൂന്ന് പേരുടെ കൈവശവും ഉണ്ടായിരുന്നു. ഒരു സംഘം പിടിക്കപ്പെട്ടാലും രക്ഷപ്പെടുന്ന മറ്റുള്ളവർക്ക് ബാക്കി ഉള്ളത് വില്പന നടത്താൻ കഴിയും എന്ന കണക്ക് കൂട്ടലിലാണ് ഇത്തരത്തിൽ മൂന്നായി ഭാഗിക്കാൻ കാരണം.
നിലമ്പൂർ താലൂക്കിൽ വഴിക്കടവ് എക്‌സൈസ് ചെക്ക്പോസ്റ്റിൽ വച്ച് എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം ടി. ഷിജുമോനും സംഘവും,മലപ്പുറം ഇ ഐ ആൻഡ് ഐ ബി ഇൻസ്‌പെക്ടർ മുഹമ്മദ് ഷെഫീഖ്, നിലമ്പൂർ എക്‌സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ആണ് എം ഡി എം എ പിടികൂടിയത്.എം ഡി എം എ കടത്തികൊണ്ടുവരുവാൻ ഉപയോഗിച്ച ജീപ്പ്, ബൈക്ക്, സ്കൂട്ടർ മുതലായ വാഹനങ്ങളും തൊണ്ടി പണമായ 1,550 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസവും എം.ഡി.എം.എയുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടിയിരുന്നു. അമരമ്പലം കാഞ്ഞിരംപാടം വാൽപ്പറമ്പിൽ സൈനുൽ ആബിദ് (29) നിലമ്പൂർ ചെറുവത്ത് കുന്ന് പൂവത്തിങ്കൽ നിസാമുദ്ദീൻ (23) എന്നിവരെയാണ് നിലമ്പൂർ എക്സൈസസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ. രതീഷ് അറസ്റ്റ് ചെയ്യതത് കെ.എൽ.17 യു, 1501 നമ്പർ ഹ്യൂണ്ടായ് കാറും പിടിച്ചെടുത്തു.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും, എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30തോടെ ഹ്യുണ്ടായ് കാറിൽ മാരക മയക്കുമരുന്നായ 15.677 ഗ്രാം MDMAയുമായി ഇവർ പിടിയിലായത്.

മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷെഫീഖ്, ഉത്തരമേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, പാലക്കാട് ഐ.ബി. ഇൻസ്പെകർ നൗഫൽ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ ബിജു പി. എബ്രാഹം, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. അനീഷ്, എ. ഷംനാസ്, സി.റ്റി. റിജു, സബിൻ ദാസ്, അഖിൽദാസ്, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
