കാട്ടുതേനീച്ചകൾ മണിക്കൂറുകൾക്കകം വഴിയരികിലെ സ്കൂട്ടറിൽ കൂടുകൂട്ടി
തേഞ്ഞിപ്പലം: വഴിയരികിൽ നിർത്തിയിട്ടു പോയ സ്കൂട്ടറിൽ മണിക്കൂറുകൾക്കകം കാട്ടു തേനീച്ചകൾ കൂടുകൂട്ടിയത് ആശങ്കക്കിടയാക്കി. നിർത്തിയിട്ട സ്‌കൂട്ടറിന്റെ സൈഡ് ഗ്ലാസിലാണ് കാട്ടു തേനീച്ചകൾ കൂടുകൂട്ടിയത്. മാതാപ്പുഴക്കടുത്ത കരുമരക്കാട് സ്വദേശി ടി.സുജിത്തിന്റെ സ്‌കൂട്ടറിലാണ് തേനീച്ചകൾ കൂടുവച്ചത്.

ഇന്നലെയായിരുന്നു സംഭവം നടന്നത്. സ്‌കൂട്ടർ നിർത്തിയിട്ട് ആശുപത്രിയിലേക്ക് പോയി വന്നപ്പോഴേക്കും തേനീച്ചകൾ കൂടുകൂട്ടുകയായിരുന്നു. മേലെ ചേളാരിയിലെ സ്വകാര്യ ആശുപത്രി വളപ്പിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു സുജിത്ത്. രാവിലെ 11.30ന് സ്‌കൂട്ടർ നിർത്തി വാർഡിലേക്ക് പോയ സുജിത്ത് 12.30ന് തിരിച്ചെത്തിയപ്പോൾ ബൈക്കിൽ ഹെൽമറ്റിനെ വലയം ചെയ്ത് നിറയെ തേനീച്ചകളായിരുന്നു. രാത്രി ഏഴ് മണിയോടെ സന്നദ്ധ പ്രവർത്തകർ തേനീച്ചകളെ നീക്കിയതിനെ തുടർന്നാണ് സ്‌കൂട്ടർ എടുക്കാനായത്.
സുജിത്ത് തനിയെ ഒരു വിധം ഹെൽമറ്റ് പുറത്തെടുത്തെങ്കിലും വണ്ടിയുടെ സൈഡ് ഗ്ലാസിൽ ആയിരക്കണക്കിന് തേനീച്ചകൾ പൊതിഞ്ഞു. ആശുപത്രി വളപ്പ് ആയതിനാൽ തേനീച്ചകൾ ഇളകാതെ നോക്കണമെന്ന നിർദേശത്തെ തുടർന്ന് വണ്ടി എടുക്കാനാകാതെ സന്ധ്യവരെ അവിടത്തന്നെ തുടരുകയായിരുന്നു സുജിത്ത്. തേനീച്ചകളെ നീക്കാൻ പലരെയും വിളിച്ചെങ്കിലും പകൽ നേരത്ത് തൊട്ടാൽ പ്രശ്‌നമെന്നായിരുന്നു എല്ലാവരുടെയും മുന്നറിയിപ്പ്. റോഡ് നിർമാണത്തിനായി എൻഎച്ചിലെ ആയിരക്കണക്കിന് മരങ്ങൾ വെട്ടിയതിൽ പിന്നെ താവളം നഷ്ടപ്പെട്ട തേനീച്ചകൾ സ്‌കൂട്ടർ കണ്ടപ്പോൾ ഒന്നിച്ച് പൊതിയുകയായിരുന്നുവെന്നാണ് കരുതുന്നത്. തേനീച്ചകളെ ഒഴിവാക്കിയതോടെയാണ് നാട്ടുകാർക്ക് ശ്വാസം നേരെ വീണത്.