പഴയ വാഹനം പുനർവിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ലൈസൻസ് എടുക്കണം
മുംബൈ: പഴയ വാഹന വിൽപ്പനയ്ക്ക് കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടു വരുന്നു. ഇതിനുള്ള കരട് മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നുണ്ട്. വാഹന പുനർവിൽപ്പന നടത്തുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും രജിസ്റ്റർചെയ്ത് ലൈസൻസ് എടുക്കുകയെന്നതാണ് ഇതിൽ പ്രധാനം. ഉപയോഗിച്ച വാഹനങ്ങളുടെ വിൽപ്പന നിരീക്ഷിക്കാനും ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നത്. ഇത്തരം സ്ഥാപനങ്ങൾ ഒരു വാഹനം വിൽക്കുമ്പോൾ വിവരം അതത് സംസ്ഥാനങ്ങളിലെ ഗതാഗതവകുപ്പിനെ അറിയിച്ചിരിക്കണം. തുടർന്നുള്ള നടപടികളുടെ വിവരങ്ങളും കൈമാറണം. വാഹനം വിറ്റുകഴിഞ്ഞ് ഉടമസ്ഥാവകാശം മാറ്റിനൽകേണ്ട ചുമതലയും ഇവരുടേതായിരിക്കും.
മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽവന്നാൽ ഓൺലൈൻ-ഓഫ്ലൈൻ വ്യത്യാസമില്ലാതെ വാഹനപുനർവിൽപ്പന നടത്തുന്നവരെല്ലാം രജിസ്‌ട്രേഷനെടുക്കേണ്ടിവരും. ചട്ടങ്ങൾ ലംഘിക്കപ്പെട്ടാൽ ഇവരുടെ ലൈസൻസ് റദ്ദാക്കും. പിഴയുൾപ്പെടെ നിയമനടപടികളും നേരിടേണ്ടിവരും. ഉപയോഗിച്ച വാഹനങ്ങളുടെ വിപണിയിൽ കൃത്യമായ മാർഗനിർദേശങ്ങളോ നിയന്ത്രണങ്ങളോ നിലവിലില്ല. ഇത് വലിയതോതിൽ പരാതികൾക്ക് കാരണമാകുന്നുണ്ട്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ വിൽപ്പനയ്ക്കുവരുന്നതും കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഔദ്യോഗികമായി മാറ്റാത്തതുമെല്ലാം പിന്നീട് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഉടമസ്ഥാവകാശം മാറ്റാതിരിക്കുമ്പോൾ വാങ്ങിയ ആൾ ഗതാഗതനിയമലംഘനം നടത്തിയാൽ പിഴയും ശിക്ഷയും പഴയ ഉടമയ്ക്കുവരുന്ന സംഭവങ്ങളുമുണ്ട്. പുതിയ മാർഗനിർദേശങ്ങൾ വരുന്നതോടെ ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈദ്യുതവാഹനങ്ങളുടെ വരവ് വാഹനപുനർവിൽപ്പന കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണി വികസിക്കുന്നതിനനുസരിച്ച് പരാതികളും കൂടാം. അതുകൊണ്ടുതന്നെ ഈ രംഗത്ത് കൃത്യമായ മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വാഹനകൈമാറ്റം കൃത്യമായി രേഖപ്പെടുത്തുന്നതിനും ഇടപാടുകൾ സുതാര്യമായിരിക്കാനും ഇതു സഹായിക്കും.