ഫ്‌ളാറ്റിനുള്ളിൽ കഞ്ചാവ് വളർത്തിയ യുവാവും യുവതിയും പിടിയിൽ.
കൊച്ചി : അത്യാധുനിക സൗകര്യങ്ങളോടെ ഫ്‌ളാറ്റിനുള്ളിൽ കഞ്ചാവ് വളർത്തിയ യുവാവും യുവതിയും പിടിയിൽ. പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടിൽ വി.ജെ. രാജുവിന്റെ മകൻ അലൻ വി.രാജു (26), കായംകുളം പെരുമ്പിള്ളി, കണ്ടല്ലൂർ പുത്തൻപുരയ്‌ക്കൽ റജിയുടെ മകൾ അപർണ (24) എന്നിവരാണ് കൊച്ചിയിൽ പിടിയിലായത്. എറണാകുളം സിറ്റി ഡാൻസാഫും ഇൻഫോപാർക്ക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

നിലംപതിഞ്ഞമുകൾ ഭാഗത്താണ് ഇവർ ഫ്‌ലാറ്റിൽ വാടകയ്‌ക്ക് താമസിച്ചിരുന്നത്. ഫ്‌ലാറ്റിന്റെ അടുക്കളയോട് ചേർന്ന് കഞ്ചാവ് ചെടി നട്ടു പിടിപ്പിക്കുകയായിരുന്നു. അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ചെടി വളർത്തിയത്. ചെടിക്ക് ആവശ്യത്തിന് വായു സഞ്ചാരം ലഭിക്കുന്നതിനായി ഒരു ഫാനും വെളിച്ചത്തിനായി എൽഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു. വീടിനുള്ളിൽ എങ്ങനെ കഞ്ചാവ് ചെടി വളർത്താമെന്ന് ഇന്റർനെറ്റ് നോക്കിയാണ് ഇവർ പഠിച്ചത്.
കഞ്ചാവ് കൈവശം വെച്ചതിന് മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തിൽ അനന്തന്റെ മകൻ അമലിനെയാണ് (28) കഞ്ചാവുമായി പിടികൂടിയത്. മൂന്ന് പേരുമായി എന്തെങ്കിലും ലഹരി ഇടപാടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.