മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലല്ലോ; പദവിയുടെ മഹത്വം മനസിലാക്കാതെ ഗവർണർ പ്രതികരിക്കുന്നു; കാനം

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിൽ സംസാരിക്കവെയായിരുന്നു കാനത്തിൻറെ വിമർശനം. ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ചുളള ഗവർണറുടെ പ്രവർത്തനവും പെരുമാറ്റവും ജനാധിപത്യത്തിന് അപമാനമാണ്. നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുന്നു. മുഖ്യമന്ത്രി അയച്ച കത്തുകൾ പ്രസിദ്ധപ്പെടുത്തും എന്നാണ് ഇപ്പോഴത്തെ ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലല്ലോയെന്നും കാനം ചോദിച്ചു.

‘കേരളത്തിന്റെ ജനാധിപത്യ വിശ്വാസത്തെയും നിയമസഭയുടെ അധികാരത്തെയും ചോദ്യം ചെയ്യാൻ ഗവർണറെ അനുവദിക്കണമോ എന്ന ചോദ്യം ഇപ്പോൾ ജനങ്ങൾക്ക് മുന്നിലുണ്ട്. ഇവിടെ രാജഭരണം അല്ല. ഇത് ജനാധിപത്യമാണ്. ഭരണഘടനയിൽ ഗവർണർക്കുളള അധികാരങ്ങൾ നിർവ്വചിച്ചിട്ടുണ്ട്. ആ അധികാരങ്ങൾ ഉപയോഗിക്കുന്നതിന് ഈ സംവിധാനം തുടരുന്ന കാലത്തോളം ആരും എതിരല്ല. പക്ഷേ ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ച്, വർഷങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന നിയമങ്ങളും, അംഗീകരിക്കപ്പെട്ട നിയമങ്ങളും ഇപ്പോ ഞാൻ ചോദ്യം ചെയ്യാം എന്ന ധാരണയിൽ അദ്ദേഹം പ്രവർത്തിക്കുന്നതും പെരുമാറുന്നതും നമ്മുടെ ജനാധിപത്യത്തിന് അപമാനമാണ്.

പുതിയ വിവാദങ്ങൾ ഉണ്ടാക്കി മുന്നോട്ടുപോകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇപ്പോൾ പറയുന്നത് മുഖ്യമന്ത്രി അയച്ച കത്ത് പ്രസിദ്ധപ്പെടുത്തുമെന്നാണ്. മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോ, അദ്ദേഹം അത് പ്രസിദ്ധപ്പെടുത്തട്ടേയെന്നും കാനം പറഞ്ഞു. ഇത്തരത്തിൽ സംസാരിച്ച് ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസിലാക്കാതെ പ്രതികരിക്കുകയാണ്,’ കാനം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. കണ്ണൂർ സർവ്വകലാശാല ചരിത്ര കോൺഗ്രസിനിടെ നടന്ന സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്ന് ഗവർണർ ആരോപിച്ചു. ഗൂഢാലോചനയുടെ ഫലമാണ് സർവ്വകലാശാലയിൽ നടന്നത്. അതിന്റെ വാസ്തവം കണ്ടുപിടിക്കാൻ മാധ്യമങ്ങൾക്ക് വിടുകയാണ്. തന്നെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അത് നടക്കില്ലെന്നും ഗവർണർ കൊച്ചിയിൽ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ വീഡിയോ അടങ്ങിയ തെളിവുകൾ നാളെ പുറത്ത് വിടുമെന്നും ഗവർണർ അറിയിച്ചു. ‘ഇവിടെ ഇപ്പോൾ എന്റെ കൈയ്യിൽ എല്ലാ തെളിവുകളും ഇല്ല. എനിക്ക് അവരോട് സഹതാപമാണ്. മുഖ്യമന്ത്രി എഴുതിയ കത്ത് നാളെ ഞാൻ പുറത്ത് വിടും. അദ്ദേഹം ഏത് കാര്യത്തിനാണ് എന്നിൽ നിന്നും സഹായം തേടിയതെന്ന് വെളിപ്പെടുത്താൻ ഞാൻ തീരുമാനിച്ചിട്ടില്ല. യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്ന് അറിയിച്ച് അദ്ദേഹം എഴുതിയ കത്ത് ഞാൻ നാളെ പുറത്ത് വിടും. അവർ യൂണിവേഴ്‌സിറ്റിയുടെ നിയന്ത്രണം കൈയ്യിലെടുക്കാൻ ശ്രമിക്കുകയാണ്.’ ഗവർണർ ആരോപിച്ചു.