മോഷണം പോയ വാഹനത്തിന് ഇന്‍ഷൂറന്‍സ് കമ്പനിയോട് 6.68 ലക്ഷം രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി
മലപ്പുറം: ചീക്കോട് സ്വദേശി ഫസലുല്‍ ആബിദിന്റെ മോഷണം പോയ വാഹനത്തിന് ഇന്‍ഷുറന്‍സ് കമ്പനിയോട് 6,68,796 രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. 2018 ജനുവരി എട്ടിനാണ് ഫസലുല്‍ ആബിദിന്റെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ ബന്ധുവിന്റെ കൈവശമിരിക്കെ ഒറ്റപ്പാലത്തു വച്ച് മോഷണം പോയത്. വാഹന അപകടത്തില്‍പെട്ട് ഫസലുല്‍ ആബിദ് മരണപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയാറായില്ല. വാഹന ഉടമ വേണ്ട വിധം വാഹനം നോക്കി സംരക്ഷിച്ചില്ലെന്ന് ആരോപിച്ചാണ് കമ്പനി ആനുകൂല്യം നിഷേധിച്ചത്. തുടര്‍ന്നു ബന്ധുക്കള്‍ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് തുകയായ 6,13,796 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 5,000 രൂപയും പരാതിക്കാര്‍ക്ക് നല്‍കാനാണ് വിധിയായത്. ഒരു മാസത്തിനകം വിധിസംഖ്യ നല്‍കാത്ത പക്ഷം ഹരജി നല്‍കിയ തീയതി മുതല്‍ ഒന്‍പത് പലിശയും നല്‍കണം. കെ.മോഹന്‍ ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്ന ജില്ലാ ഉപഭോക്തൃ കമ്മീഷന്റെതാണ് വിധി.