സന്ദര്‍ശകര്‍ക്കായി നിബന്ധനകള്‍ പുറത്തിറക്കി സൗദി അറേബ്യ

റിയാദ്: ടൂറിസ്റ്റ് വിസകളും ഉംറ വിസകളും യഥേഷ്ടം നല്‍കാനുള്ള സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനു പിന്നാലെ സന്ദര്‍ശകര്‍ക്കായി ഏഴ് നിബന്ധനകള്‍ പുറത്തിറക്കി. ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഒരുകാരണവശാലും ഉംറ ചെയ്യാനോ ഹജ്ജ് ചെയ്യാനോ അനുമതിയുണ്ടാവില്ല. ടൂറിസ്റ്റ് വിസ, സന്ദര്‍ശന വിസയിലെത്തുന്നവര്‍ ശമ്പളമുള്ളതോ അല്ലാത്തതോ ആയി തൊഴിലുകളില്‍ ഏര്‍പ്പെടരുത്. ഈ നിയമങ്ങളില്‍ മിക്കവയും നേരത്തേ തന്നെ പ്രാബല്യത്തിലുള്ളതാണെങ്കിലും ടൂറിസം കമ്പനികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള ജാഗ്രതാ നിദേശമാണ് ഇപ്പോഴത്തെ അറിയിപ്പ്.

സിംഗിള്‍ എന്‍ട്രി വിസയിലെത്തുന്നവര്‍ക്ക് ഒറ്റത്തവണ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. സിംഗിള്‍എന്‍ട്രി വിസ മൂന്ന് മാസത്തേക്കുള്ളതാണെങ്കിലും രാജ്യംവിട്ട് പോയാല്‍ വീണ്ടും പ്രവേശിക്കുന്നതിന് പുതിയ വിസ ആവശ്യമാണ്. താമസ കാലയളവ് ഒരു മാസത്തില്‍ കൂടുകയുമരുത്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ കാലവധി ഒരു വര്‍ഷമാണെങ്കിലും തുടര്‍ച്ചയായി മൂന്ന് മാസത്തില്‍ കൂടുതല്‍ സൗദിയില്‍ തങ്ങാന്‍ പാടില്ല. മൂന്ന് മാസത്തിലൊരിക്കല്‍ സൗദിയില്‍നിന്നും പുറത്തുപോയി വീണ്ടും വരാവുന്നതാണ്. 300 റിയാലാണ് വിസ ഫീസ്.

ടൂറിസ്റ്റ് വിസയിലുള്ളവര്‍ രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും സാംസ്‌കാരിക മര്യാദകളും പാലിക്കേണ്ടതുണ്ട്. തിരിച്ചറിയല്‍ രേഖകള്‍ എല്ലായ്‌പ്പോഴും കൂടെ കരുതണം.