സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റിയാൽ മതവിദ്യാഭ്യാസം ഇല്ലാതാകും; പിഎംഎ സലാം
മലപ്പുറം: സംസ്ഥാനത്തെ സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നടപ്പാക്കിയാൽ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കും. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് മത സംഘടനകളുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമർപ്പിച്ചിരിക്കുന്നത്.സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിലുണ്ട്.
അതിനിടെ സർക്കാരിന്റെ സ്കൂൾ സമയ മാറ്റ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത രംഗത്ത് വന്നിരുന്നു. ശുപാർശ മദ്രസ പ്രവർത്തനത്തെയും മത പഠനത്തെയും അട്ടിമറിക്കുമെന്നാണ് വിമർശനം.സർക്കാർ നീക്കം ഖാദർ കമ്മറ്റി റിപ്പോർട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് . സർക്കാർ തുടർച്ചയായി മതനിരാസ തീരുമാനങ്ങൾ നടപ്പിലാക്കുന്നുവെന്നാണ് ആക്ഷേപം.