അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

കേസിന്റെ പരിഗണനയില്‍ ഉള്ളതിനാല്‍ പ്രതികരിക്കാന്‍ ഇല്ലെന്നായിരുന്നു നടന്റെ പ്രതികരണം

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓണ്‍ലൈന്‍ ചാനല്‍ അവതാരകയാണ് അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ഭാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് അസഭ്യം പറയുകയും അവതാരകയെയും ഷൂട്ടിംഗ് ടീമിലുണ്ടായ പ്രൊഡ്യൂസറെയും അധിക്ഷേപിക്കുകയും ചെയ്തെന്നായിരുന്നു പരാതി. പൊലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിട്ടുണ്ട്.

തുടര്‍ന്ന് ഇന്നുച്ചയോടെ മരട് പൊലീസ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വിശദീകരണം തേടാന്‍ നിര്‍മാതാക്കളുടെ സംഘടന നടനെ വിളിച്ചു വരുത്തിയേക്കും.