പിറന്നാൾ ദിനത്തിൽ വിദ്യാലയത്തിലേക്ക് പുസ്തകങ്ങളും ചെടികളും നൽകി വിദ്യാർത്ഥി മാതൃകയായി 

 

വളാഞ്ചേരി: പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മറ്റും വിദ്യാർത്ഥികൾ പിറന്നാൾ ആഘോഷിക്കുമ്പോൾ അതിൽ നിന്നല്ലാം വ്യത്യസ്തമായിരിക്കുകയാണ് എടയൂർ കെ.എം.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഇഷാ മെഹ്റിൻ നാലകത്ത്. തന്റെ പത്താം പിറന്നാൾ ദിനത്തിൽ താൻ പഠിക്കുന്ന വിദ്യാലയത്തിലെ ലൈബ്രറിയിലേക്ക് തൻ്റെ പ്രിയപ്പെട്ട പത്തു പുസ്തകങ്ങളും, സ്കൂളിലെശലഭോദ്യാനത്തിലേക്ക് തൻ്റെ പിറന്നാളോർമ്മക്കായി താൻ നട്ടുവളർത്തി പരിപാലിച്ച പൂച്ചെടികളും സമ്മാനിച്ച് മാതൃകയായിരിക്കുകയാണ് ഈ വിദ്യാർത്ഥിനി.

പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കഴിവ് തെളിയിച്ച ഇഷ വിവിധ വീഡിയോ ആൽബങ്ങളിൽ അഭിനയിക്കുകയും സ്വന്തമായി യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുകയും ചെയ്യുന്ന കൊച്ചു പ്രതിഭ കൂടിയാണ്.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി ഇൻചാർജ് മരക്കാർ അലി മാസ്റ്റർക്ക് പുസ്തകങ്ങളും സ്കൂൾ ലീഡർ ഷോണ സാറ ഷാജി, സ്കൗട്ട് & ഗൈഡ് അധ്യാപിക ഐശ്വര്യ ടീച്ചർ എന്നിവർക്ക് പൂച്ചെടികളും കൈമാറി.മാനേജർ പി.പി പ്രേമജ ടീച്ചർ, ഹെഡ്മാസ്റ്റർ കെ.ആർ ബിജു, മുൻകാല അധ്യാപകരായ കെ. ഷറഫുദ്ദീൻ, വി. വനജകുമാരി,പി.ടി.എ വൈസ് പ്രസിഡൻ്റ് കെ.പി മൊയ്തു,അധ്യാപകരായ പി.ശരീഫ് മാസ്റ്റർ, കെ. ജയചന്ദ്രൻ, കെ.സുധ, കെ.വി സുധീർ, കെ.കെ ഗിരിജ, എൻ. വഹീദ,ഹഫീസ് മുഹമ്മദ്,എം. ഉമ്മർ,ഐശ്വര്യ അനൂപ്, എന്നിവർ സംബന്ധിച്ചു.