പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ സീല്‍ ചെയ്ത് തുടങ്ങി; പെരിയാര്‍ വാലി റിസോര്‍ട്ട് അടച്ചുപൂട്ടി
നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ക്കെതിരെ ഉള്ള നടപടികള്‍ സംസ്ഥാനത്ത് ആരംഭിച്ചു. ആലുവയിലെ പെരിയാര്‍ വാലി ട്രസ്റ്റ് പൊലീസ് അടച്ചുപൂട്ടി. തഹസില്‍ദാര്‍, എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പൊലീസ് നടപടി. എറണാകുളം ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവയിലെ പെരിയാര്‍ വാലി ട്രസ്റ്റ്.
ആലുവ, കളമശേരി, പെരുമ്പാവൂര്‍ മേഖലകളാണ് എറണാകുളം ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങള്‍. അതിനാലാണ് ഈ പ്രദേശങ്ങൡ തന്നെ നടപടികള്‍ ആരംഭിച്ചത്. അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പിഎഫ്‌ഐ പ്രവര്‍ത്തകരെ നിരീക്ഷിക്കാനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പിഎഫ്‌ഐ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികള്‍ ഇന്നലെ തുടങ്ങിയിരുന്നു. ഇതിനായി പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രധാന നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. നിലവില്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.