നരബലി കേസിലെ പ്രതികൾക്കായി അഡ്വ ബി.എ ആളൂർ കോടതിയെ സമീപിക്കും

നരബലി കേസിലെ പ്രതികൾക്കായി അഡ്വ ബി.എ ആളൂർ കോടതിയെ സമീപിക്കും. മൂന്ന് പ്രതികൾക്കും വേണ്ടി വക്കാലത്തെടുക്കുമെന്നും ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ സമീപിച്ചതായും ആളൂർ പറഞ്ഞു.

‘ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയണം. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ സമീപിച്ചിരുന്നു. അവരുമായി സംസാരിക്കും. വക്കാലത്തേറ്റെടുക്കും. മൂന്ന് പേർക്കും വേണ്ടി ഹാജരാവും’- ആളൂർ പറഞ്ഞു.

2011-ൽ സൗമ്യ കൊലപാതകത്തിലെ പ്രതി ഗോവിന്ദ ചാമിക്കുവേണ്ടി ഹാജരായതോടെയാണ് അഡ്വക്കേറ്റ് ആളൂർ എന്ന പേര് കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. സമാന രീതിയിൽ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസിലെ പ്രതി കിരണിനു വേണ്ടിയും ഹാജരായത് ആളൂരായിരുന്നു. കൂടത്തായി കൊലപാതകക്കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ആളൂരിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ജിഷ വധക്കേസിൽ പ്രതിയായ അമീർ ഉൾ ഇസ്ലാമിന് വേണ്ടിയും ബിഎ ആളൂർ ഹാജരായിരുന്നു. കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട റിയാസ് അബൂബക്കറിനായും ബിഎ ആളൂർ ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ സുനിൽകുമാറിന്റെ കേസ് ഏറ്റെടുക്കുമെന്നും ആളൂർ വിശദമാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാദമായ കേസുകളിൽ കുറ്റാരോപിതർക്ക് വേണ്ടി ഹാജരാവുന്ന പതിവ് നരബലിക്കേസിലും ആളൂർ തെറ്റിച്ചില്ല.

അതേസമയം കേസിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കൊലപാതകത്തിന് കാരണം കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ലൈംഗിക വൈകൃതമാണെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട പത്മത്തിന്റെ സ്വകാര്യ ഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തിയിറക്കാൻ ലൈലയോട് ആവശ്യപ്പെട്ടു. ലൈലയാണ് പത്മയുടെ കഴുത്തറുത്തതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി.

കൊലപാതകത്തിന് ശേഷം പ്രതികൾ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ കറിവെച്ചു കഴിച്ചു. കൊല്ലപ്പെട്ട റോസ്ലിൻറെ ശരീരഭാഗങ്ങൾ കറിവെച്ച് ലൈല ഷാഫിക്ക് നൽകി. പത്മത്തിൻറെ ശരീര ഭാഗങ്ങൾ ഉപ്പ് പുരട്ടി സൂക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് പ്രതികൾ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്.