പ്രേത കല്യാണം; അന്ധവിശ്വാസത്തിന്റെ അതിശയിപ്പിക്കുന്ന മറ്റൊരു പ്രതീകം

അന്ധവിശ്വാസത്തിന്റെ അതിശയിപ്പിക്കുന്ന പ്രതീകമാവുകയാണ് കാസർഗോട്ടെ അതിർത്തി ഗ്രാമങ്ങളിലെ പ്രേത കല്യാണം. മരിച്ചുപോയ യുവതി, യുവാക്കളെ പ്രേതങ്ങളായി സങ്കൽപ്പിച്ച് കല്യാണം കഴിപ്പിക്കുന്നതാണ് ആചാരം. രാത്രികാലങ്ങളിൽ അതീവ രഹസ്യമായാണ് ഇത്തരം വിവാഹങ്ങൾ നടക്കുന്നത്.

തുളുനാട്ടിലെ മൊകേർ സമുദായത്തിലുള്ളവരാണ് പ്രേത കല്യാണം ആചാരമായി ഇപ്പോഴും നടത്തിവരുന്നത്. ചെറിയ പ്രായത്തിൽ മരിച്ചവർ പ്രേതമായി എത്തുകയും യൗവന ഘട്ടത്തിൽ അവർക്കായി വിവാഹം ഒരുക്കുന്നതുമാണ് വിചിത്രമായ ആചാരം. മരിച്ചയാളുടെ പ്രേതത്തിന് പങ്കാളിയായ ആത്മാവിനെ കണ്ടെത്തി വിവാഹം ഒരുക്കാതെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് കല്യാണത്തിന് അനുവാദം ഉണ്ടാകില്ല.

വധുവിൻറെ വീട്ടിലാണ് വിവാഹം നടത്തുന്നത്. വൈക്കോലുകൊണ്ട് തയ്യാറാക്കിയ വധൂ വരന്മാരുടെ രൂപങ്ങൾ വേറിട്ട രീതിയിൽ അലങ്കരിക്കും. വധുവിനെ മുല്ലപ്പൂ ചൂടിച്ച് കരിമണിയിൽ കോർത്ത താലിമാല അണിയിപ്പിക്കും. കല്യാണം കഴിഞ്ഞ് വധു, വരൻറെ വീട്ടിൽ കയറുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. ആചാരത്തെ നിഷേധിക്കുന്ന കുടുംബങ്ങളിൽ അനിഷ്ട സംഭവങ്ങൾ തുടരുമെന്നാണ് വിചിത്രമായ മറ്റൊരു സങ്കൽപ്പം.