ബൈക്ക് റൈസിംങ്: കര്‍ശന നടപടിയുമായി അധികൃതര്‍
ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിച്ച് അപകടകരമായ രീതിയിയിലും മറ്റ് വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രകാര്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ റൈസിങ് പോലുള്ള അഭ്യാസപ്രകടനങ്ങളും ഇഷ്ടത്തിനനുസരിച്ച് മോടി കൂട്ടിയും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ച് വിവിധതരത്തിലുള്ള നിയമലംഘനങ്ങളും നടത്തി ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങി വിവിധ തരത്തിലുള്ള സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് ഹരം കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍. ആര്‍.സി ഉടമകളെ കണ്ടെത്തി ആര്‍സി ഉടമകള്‍ക്കെതിരെയും വാഹനം ഓടിച്ചവര്‍ക്കെതിരെയും കേസ് എടുക്കുകയും ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളാണ് ഉദ്യോഗസ്ഥര്‍ എടുത്തത്. ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പൊലീസും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും സംയുക്തമായി ജില്ലയില്‍ നടത്തിയ ഓപ്പറേഷന്‍ ‘ബൈക്ക് സ്റ്റെണ്ട്’ പരിശോധനയിലാണ് ഇത്തരത്തിലുള്ള നിരവധി വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്.
ഇന്‍സ്റ്റാഗ്രാം പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ പൊലീസ് നടത്തിയ പ്രത്യേക നിരീക്ഷണങ്ങളുടെ ഭാഗമായി കണ്ടെത്തിയ വാഹനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്.അപകടകരമായ രീതിയില്‍ റൈസിങ് നടത്തിയതിന് മൂന്നും ഇരു ചക്ര വാഹനങ്ങള്‍ മോടി കൂട്ടിയതിന് 13 ഉം പേര്‍ക്കെതിരെ കേസെടുത്തു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് മൂന്ന്, ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചത് 16, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഒന്ന്, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്ര നാല് തുടങ്ങി 28 കേസുകളിലായി 77000 രൂപ പിഴ ചുമത്തി. കടുത്ത നിയമലംഘനം നടത്തിയ രണ്ടുപേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.