‘വോട്ടിംഗ് രീതി ഖാര്‍ഗെയ്ക്ക് അനുകൂലം’; വീണ്ടും പരാതിയുമായി ശശി തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് രീതിക്കെതിരെ വീണ്ടും പരാതിയുമായി ശശി തരൂര്‍. വോട്ട് ചെയ്യുന്ന രീതി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമാണെന്നാണ് ശശി തരൂരിന്റെ പരാതി. ബാലറ്റില്‍ ഒന്ന് എന്ന് സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെ എഴുതണമെന്ന നിര്‍ദ്ദേശം ഖാര്‍ഗയ്ക്ക് അനുകൂലമാണെന്നാണ് ശശി തരൂര്‍ വിശദീകരിക്കുന്നത്. ഒന്ന് എന്ന് എഴുതുന്നതിന് പകരം ശരി അടയാളം ഉപയോഗിക്കണം. വോട്ടിംഗ് രീതി മാറ്റണമെന്ന് ശശി തരൂര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ഇന്നലെ സമാനമായ പരാതി ഉയര്‍ന്നുവന്നപ്പോള്‍ വോട്ടിംഗുമായി ബന്ധപ്പെട്ട ഒരു തീരുമാനവും പുനപരിശോധിക്കാന്‍ സാധിക്കില്ലെന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. തരൂരിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പരാതി പരിശോധിച്ച ശേഷം ശശി തരൂരിന് മറുപടി നല്‍കുമെന്നും തെരഞ്ഞെടുപ്പ് സമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുവാഹത്തിയില്‍ പ്രചാരണത്തിലായിരുന്നു തരൂര്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രചാരണത്തിനായി ഗുവാഹത്തി സന്ദര്‍ശിച്ചിരുന്നു. 22 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 19ന് വോട്ടെണ്ണും.