ലഹരി കച്ചവടം നടത്തുന്നവർക്കെതിരെ ശക്തമായി നടപടി; സ്വത്തുക്കൾ പിടിച്ചെടുക്കും: മന്ത്രി വി.അബ്ദുറഹിമാൻ
ഫിഷറീസ് വകുപ്പിന്റെ ലഹരിമുക്ത കേരളം പ്രചരണ പരിപാടിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി
സംസ്ഥാനത്ത് ലഹരി ഉപയോഗം തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ലഹരി വ്യാപാരം നടത്തുന്നവരുടെ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കുമെന്നും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. ഫിഷറീസ് വകുപ്പിന്റെ ലഹരി മുക്ത കേരളം – ലഹരി മുക്ത പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം താനൂർ ഉണ്ണിയാലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.വിവിധ രാഷ്ട്രീയ കക്ഷികൾ, സാമുദായിക നേതാക്കൾ, രക്ഷിതാക്കൾ, നാട്ടുകാർ, വിദ്യാർഥികൾ തുടങ്ങി എല്ലാവരും ഒരുമിച്ചു ലഹരിക്കെതിരെ ശക്തമായ പ്രചരണ പരിപാടികൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷനായി.
തീരദേശ മേഖലയിൽ മത്സ്യത്തൊഴിലാളികളുടെയും യുവാക്കളുടെയും വിദ്യാർഥികളുടെയും വർധിച്ചുവരുന്ന ലഹരി ഉപയോഗം കുറച്ചു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെഉയർത്തിക്കൊണ്ടുവരുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ലഹരി മുക്ത കേരളം – ലഹരി മുക്ത പ്രചരണ പരിപാടി. സംസ്ഥാന പൊലീസ്, എക്‌സൈസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഒന്‍പത് തീരദേശ ജില്ലകളില്‍ ഒക്ടോബർ 24 വരെയാണ് പ്രചരണ പരിപാടി. ലഹരിമുക്ത കേരളം ബോധവൽക്കരണ പരിപാടിയുടെ ഫിഷറീസ് വകുപ്പിന്റെ നോഡൽ ഓഫീസർ ആയി സാഫ് എക്സിക്യൂട്ടീവ് ഡയറക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ഫിഷറീസ് അഡീഷനൽ ഡയറക്ടർ എൻ.എസ് ശ്രീലു , സാഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആശ അഗസ്റ്റിൻ, നോർത്ത് സോൺ ഫിഷറീസ് ജോയിൻറ് ഡയറക്ടർ ഒ. രേണുകാ ദേവി, അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വേലായുധൻ കുന്നത്ത്, നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇസ്മായിൽ, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വികെഎം ഷാഫി, നിറമരുതൂർ ഗ്രാമപഞ്ചായത്തംഗം കെ.കെ ഫാത്തിമ , വിവിധ രാഷ്ട്രീയ നേതാക്കളായ രവി തേലത്ത്,സൈദലവി, കെ.പി ബാപ്പുട്ടി എന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് വിളംബരജാഥയും എക്‌സൈസ് വകുപ്പിന്റെ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.