ദയാബായിയുടെ സമരത്തെ പിന്തുണച്ച് യുഡിഎഫ്; വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വി.ഡി സതീശന്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാമൂഹിക പ്രവര്‍ത്തക ദയാ ബായിയുടെ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്. മന്ത്രിമാരുടെ ഭാഗത്ത് വലിയ വീഴ്ച്ചയുണ്ടായെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
സമരം ചടങ്ങ് പോലെ അവസാനിപ്പിക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചതെന്ന് ദയാബായി പറഞ്ഞു. ആത്മാര്‍ത്ഥത ഇല്ലാത്ത സമീപനമെന്നും ദയാ ബായി ട്വന്റിഫോറിനോട് പറഞ്ഞു.ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ദയാ ബായി നിരാഹാര സമരം അവിടെ തുടരുകയാണ്.
കഴിഞ്ഞ ദിവസം രേഖ മൂലം നല്‍കിയ ഉറപ്പ് അവ്യക്തവും ആവശ്യങ്ങളെ വളച്ചൊടിക്കുന്നതുമെന്നാണ് സമരസമിതിയുടെ ആരോപണം. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതാവസ്ഥ കണ്ടില്ലെന്ന് നടിച്ച് ഭരണകൂടം തെറ്റ് ചെയ്യുകയാണെന്ന് ദയാബായി പറഞ്ഞു.മൂന്ന് കാര്യങ്ങള്‍ കൃത്യമായി അംഗീകരിച്ചാല്‍ സമരം തല്‍കാലം അവസാനിപ്പിക്കുമെന്ന് പറഞ്ഞ ദയാബായി ആരോഗ്യ- സാമൂഹ്യ നീതി വകുപ്പ് മന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ചു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച യുഡിഎഫ് നേതൃത്വം ദയാബായിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.പ്രതിപക്ഷത്തിന്റെ പിന്തുണ ദയാബായി സ്വാഗതം ചെയ്തു. പതിറ്റാണ്ടുകളുടെ അനുഭവം ഉള്ളത് കൊണ്ട് തന്നെ സര്‍ക്കാരിന്റെ പൊയ് വാഗ്ദാനങ്ങളില്‍ വീഴില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
അതേ സമയം സമരം തുടര്‍ന്നാലും അവസാനിപ്പിച്ചാലും മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ എത്രയും വേഗം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.