സാമുദായിക സംഘടനകളുടെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കണം; ഹൈക്കോടതി

സംസ്ഥാനത്തെ സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നും വനം, റവന്യൂ വകുപ്പുകളെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

 

സര്‍ക്കാര്‍ ഭൂമി സംഘടനകള്‍ കയ്യേറിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പല ഭൂമി ഇടപാടുകളും സംശയാസ്‍പദമാണെന്നുമാണ് ഹൈക്കോടതി നിരീക്ഷണം. കര്‍ദിനാള്‍ ഉള്‍പ്പെട്ട സഭ ഭൂമി ഇടപാട് കേസിലെ ഹര്‍ജിയിലാണ് ഉത്തരവ്.

 

സംസ്ഥാനത്തെ ഭൂമി കയ്യേറ്റങ്ങളില്‍ സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നുവെന്ന് കോടതി വിമർശിച്ചു.

സാമുദായിക സംഘടനകളും മറ്റും കയ്യേറിയ ഭൂമിക്ക് പട്ടയം നേടുന്നത് വോട്ട് ബാങ്കിന്‍റെ പേരിലാണ്. കയ്യേറ്റങ്ങള്‍ക്ക് എതിരെ ശബ്ദമുയരാത്തത് ഭൂമാഫിയയ്ക്ക് അനുകൂല അന്തരീക്ഷം ഉണ്ടാക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.