പൊന്നാനി മുതല്‍ വഴിക്കടവ് വരെ നാളെ മനുഷ്യ ശൃംഖല
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ലഹരിമുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നാളെ (നവംബര്‍ ഒന്ന്) കേരളപ്പിറവി ദിനത്തില്‍ ലഹരി വിരുദ്ധ മനുഷ്യശൃംഖല. വൈകീട്ട് മൂന്ന് മുതല്‍ നാല് വരെയാണ് മനുഷ്യശൃംഖല. ജില്ലയിലെ തീരദേശ നഗരമായ പൊന്നാനിയില്‍ നിന്നാരംഭിച്ച് വഴിക്കടവില്‍ അവസാനിക്കും വിധമാണ് ലഹരി വിരുദ്ധ മനുഷ്യ ശൃംഖല. 83 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മനുഷ്യശൃംഖല തീര്‍ക്കുക. പൊന്നാനിയില്‍ നിന്നാരംഭിച്ച് ചമ്രവട്ടം, എടപ്പാള്‍, കുറ്റിപ്പുറം മിനിപമ്പ, വളാഞ്ചേരി, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി, എടവണ്ണ, മമ്പാട്, നിലമ്പൂര്‍, ചുങ്കത്തറ, എടക്കര എന്നീ നഗരങ്ങളിലൂടെ കടന്ന് വഴിക്കടവ് ചെക്ക് പോസ്റ്റില്‍ മനുഷ്യശൃംഖല അവസാനിക്കും.
മലപ്പുറത്ത് കായിക, ഹജ്ജ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, എഡിഎം എന്‍.എം മെഹറലി എന്നിവര്‍ മനുഷ്യശൃംഖലയില്‍ ചേരും. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി. നന്ദകുമാര്‍ എം.എല്‍.എ, തവനൂരില്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ, കോട്ടയ്ക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, മഞ്ചേരിയില്‍ അഡ്വ.യു.എ ലത്തീഫ് എം.എല്‍.എ, എടവണ്ണയില്‍ പി.കെ ബഷീര്‍ എം.എല്‍.എ, മമ്പാട് എ.പി അനില്‍കുമാര്‍ എം.എല്‍.എ, നിലമ്പൂരില്‍ പി.വി അബ്ദുള്‍ വഹാബ് എം.പി, പി.വി അന്‍വര്‍ എം.എല്‍.എ എന്നിവര്‍ മനുഷ്യശൃംഖലയുടെ ഭാഗമാകും. എം.എല്‍.എമാരായ പി. അബിദുള്‍ ഹമീദ്, കെ.പി.എ മജീദ്, നജീബ് കാന്തപുരം, ടി.വി ഇബ്രാഹീം, കുറുക്കോളി മൊയ്തീന്‍, മഞ്ഞളാം കുഴി അലി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി പങ്കെടുക്കും. മറ്റ് ജനപ്രതിനിധികളും പൊതുജനങ്ങള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വ്യാപരി വ്യവസായി പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിലെ നിരവധിയാളുകളും ലഹരിമുക്ത കേരളം മനുഷ്യശൃംഖലയുടെ ഭാഗമാകും. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ ഒപ്പമാണ് ലഹരിമുക്ത മനുഷ്യ ശൃംഖലയില്‍ അണിനിരക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. പുതുതലമുറയെ ലഹരിയില്‍നിന്ന് രക്ഷിക്കാനുള്ള പ്രയത്നത്തിലാണ് ലഹരി വിമുക്ത കേരളമെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം സമൂഹത്തിലെ എല്ലാവരും മനുഷ്യശൃംഖലയില്‍ പങ്കാളികളാകണമെന്നും ജില്ലാകലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ അഭ്യര്‍ഥിച്ചു.