ആധാര്‍ – വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കല്‍:സംസ്ഥാനത്തിന് മാതൃകയായി മലപ്പുറം ജില്ല
ഇതുവരെ 16.31 ലക്ഷം പേരുടെ ആധാര്‍ ലിങ്കിങ് പൂര്‍ത്തിയായി
സംസ്ഥാനതൊട്ടാകെ ആരംഭിച്ച ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി മലപ്പുറം ജില്ല. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം വോട്ടര്‍മാരുള്ള മലപ്പുറം ജില്ലയില്‍ ഇതുവരെയായി 1630911 പേരുടെ ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ജില്ലയില്‍ മൊത്തം 32 ലക്ഷത്തിലധികം വോട്ടര്‍മാരാണുള്ളത്. ഇതില്‍ 50 ശതമാനത്തില്‍ അധികം ആളുകളുടെയും വോട്ടര്‍ ഐഡി ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിച്ചത് ജില്ലയിലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കഠിനപ്രയത്‌നം കൊണ്ടുണ്ടായ നേട്ടമാണ്. ആദിവാസി ഗോത്രവിഭാഗങ്ങള്‍ ഏറെയുള്ള നിലമ്പൂര്‍ വനമേഖലകളിലും പൊന്നാനിയടക്കമുള്ള തീരദേശ മേഖലകളിലും ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ സുഗമമായി നടന്നതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. ഹരികുമാര്‍ അറിയിച്ചു.
സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ടര്‍ പട്ടികയിലുള്ളത് മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ ആകെ 3256813 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍ ഐഡിയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ www.nvspin, voterportal eci.gov.in എന്നീ പോര്‍ട്ടലുകള്‍ വഴിയും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വോട്ടര്‍മാര്‍ക്ക് നേരിട്ട് തങ്ങളുടെ വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ സഹായത്താല്‍ ഗരുഡ ആപ്പ് ഉപയോഗിച്ചും ബന്ധപ്പെട്ട ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ തഹസില്‍ദാര്‍മാര്‍ക്ക് 6ബി അപേക്ഷ നേരിട്ട് നല്‍കുക വഴിയും ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ സാധിക്കും.
ഇത്തരത്തില്‍ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ തഹസില്‍ദാര്‍മാര്‍ക്ക് 6ബി അപേക്ഷ നേരിട്ട് നല്‍കിയതിലൂടെ ജില്ലയില്‍ 6354 പേരും എന്‍വിഎസ്പി, വോട്ടര്‍ പോര്‍ട്ടല്‍ എന്നീ പോര്‍ട്ടലുകള്‍ വഴി 14396 പേരും വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈല്‍ ആപ്പ് വഴി 84,761 പേരും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ സഹായത്താല്‍ ഗരുഡ ആപ്പ് വഴി 1525400 പേരും ജില്ലയില്‍ ആധാര്‍ ലിങ്ക് ചെയ്തു കഴിഞ്ഞു. ജില്ലയില്‍ ഇതുവരെ 1630911 പേരാണ് ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചത്. ജില്ലയിലാകെ 2753 പോളിങ് ബൂത്തുകളും അത്ര തന്നെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമാണുള്ളത്. ഇതില്‍ 33 പേര്‍ക്ക് നൂറു ശതമാനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. വള്ളിക്കുന്ന് താലൂക്കാണ് ജില്ലയില്‍ ആധാര്‍ ലിങ്കിങില്‍ മുന്‍പില്‍ നില്‍ക്കുന്നത്. ഇവിടെ 58.19 ശതമാനം വോട്ടര്‍മാരുടെ ലിങ്കിങ് പൂര്‍ത്തിയായി.
നിലമ്പൂര്‍ 56.59, ഏറനാട് 54.33, വേങ്ങര 53.65, കൊണ്ടോട്ടി 53.62, മങ്കട 52.20, തിരൂരങ്ങാടി 51.66, പെരിന്തല്‍മണ്ണ 50.78, താനൂര്‍ 49.82, പൊന്നാനി 47.66, മഞ്ചേരി 46.28, വണ്ടൂര്‍ 46. 14, തിരൂര്‍, തവനൂര്‍ 45.91, കോട്ടക്കല്‍ 45.79, മലപ്പുറം 44.34 ശതമാനവും പൂര്‍ത്തിയായി. സംസ്ഥാനതതലത്തില്‍ ഏറ്റവുമധികം വോട്ടര്‍മാരുള്ള ജില്ലയില്‍ 50.08 ശതമാനം വോട്ടര്‍മാരുടെ ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. സംസ്ഥാനത്ത് ആധാര്‍ ലിങ്കിങ്ങില്‍ ജില്ല ആറാം സ്ഥാനത്താണുള്ളത്. വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുക, വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് തടയുക, തെരെഞ്ഞടുപ്പ് സമയത്ത് വോട്ടര്‍മാരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചത്. ജില്ലയില്‍ പൂര്‍ത്തിയായ വോട്ടര്‍ പട്ടിക പുതുക്കലിന്റെ കരട് രേഖ നവംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് അടുത്ത ഘട്ടത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
തുടക്കത്തില്‍ ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കുന്നതിനെതിരെ വ്യാപകമായി പ്രചരണം നടന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കുപ്രചാരണങ്ങളെയെല്ലാം അതിജീവിച്ചാണ് ജില്ല ഇത്തരത്തില്‍ അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിച്ചതെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. ഇതിനായി അഹോരാത്രം പ്രവര്‍ത്തിച്ച ജില്ലാ, താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗങ്ങളെയും വില്ലേജ് ജീവനക്കാരെയും ചാര്‍ജ് ഓഫീസര്‍മാരെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും അദ്ദേഹം അഭിനന്ദിക്കുകയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയ ജില്ലാ കലക്ടര്‍ക്കുവേണ്ടി നന്ദി അറിയിക്കുകയും ചെയ്തു.