പാമ്പോ…..! ഭയം വേണ്ട ‘സര്‍പ്പ’ മതി
ശാസ്ത്രീയ പാമ്പ് പിടുത്ത പരിശീലനത്തിൽ മൂന്നു സ്ത്രീകളടക്കം 77 പേര്‍ പങ്കെടുത്തു
ചൂട് കടുത്തതോടെ വീട്ടിലും പരിസരങ്ങളിലും തണുപ്പ് തേടി വരുന്ന പാമ്പുകളുടെ സാന്നിധ്യം കണ്ടേക്കാം. പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ സമീപത്തുള്ള അംഗീകൃത റെസ്‌ക്യൂവറുമായി ബന്ധപ്പെടാന്‍ സര്‍പ്പ (SARPA) മൊബൈല്‍ ആപ്പ് നിങ്ങളെ സഹായിക്കും. പാമ്പുകളെ കാണുകയാണെങ്കില്‍ കൃത്യമായ അകലം പാലിച്ചു പാമ്പിരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് ഈ ആപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്താല്‍ സമീപത്തുള്ള അംഗീകൃത റെസ്‌ക്യു ടീമിന് ഈ മെസേജ് ലഭിക്കുകയും ഉടന്‍ അവര്‍ സ്ഥലത്ത് വന്നു പാമ്പിനെ പിടിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. പാമ്പുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുമായാണ് വനംവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സര്‍പ്പ മൊബൈല്‍ ആപ്പ്. വളന്റിയര്‍മാരുടെ സേവനം ലഭിക്കുന്നതിനുള്ള ഫോണ്‍ നമ്പറുകളും വിവിധ ഇനം പാമ്പുകളെ തിരിച്ചറിയുന്നതിന് ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങളും പാമ്പു കടിയേറ്റാല്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളും വിദഗ്ദ്ധ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളുടെ വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സര്‍പ്പ ഫ്രീ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡോണ്‍ലോഡ് ചെയ്യാം. സംശയങ്ങള്‍ക്കും റെസ്‌ക്യൂ ആവശ്യങ്ങള്‍ക്കും ജില്ലാ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടാം 9567597897.
ശാസ്ത്രീയ പാമ്പ് പിടുത്ത പരിശീലനത്തിൽ മൂന്നു സ്ത്രീകളടക്കം 77 പേര്‍ പങ്കെടുത്തു
പാമ്പ് പിടുത്ത പരിശീലനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം നിലമ്പൂര്‍ ഡിവിഷന്‍ കോംപ്ലക്‌സില്‍ നടന്നു. സാമൂഹ്യ വനവത്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി. സജികുമാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. മൂന്നു സ്ത്രീകളടക്കം 77 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ശാസ്ത്രീയ പാമ്പ് പിടുത്ത പരിശീലനത്തിന് സര്‍പ്പ നോഡല്‍ ഓഫീസറും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ മുഹമ്മദ് അന്‍വര്‍, സര്‍പ്പ ജില്ലാ കോര്‍ഡിനേറ്ററായ ജവാദ് കുടുക്കന്‍, റെസ്‌ക്യൂവര്‍മാരയ ഉസ്മാന്‍ പാപ്പിനിപ്പാറ, ജാഫര്‍ ഐകരപ്പടി, അബ്ദുല്‍ മജീദ് മേല്‍മുറി എന്നിവര്‍ നേതൃത്വം നല്‍കി.
നിലവില്‍ പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് കരസ്ഥമാക്കിയ നൂറ്റി മുപ്പതോളം സന്നദ്ധ സേവകര്‍ ജില്ലയില്‍ സജ്ജമാണെന്നും വനംവകുപ്പിന്റെ ലൈസന്‍സ് ഇല്ലാതെയോ ആശാസ്ത്രീയമായോ ആരെങ്കിലും പാമ്പുകളെ കൈകാര്യം ചെയ്താല്‍ ഡബ്ല്യുപിഎ 1972ആക്ട് പ്രകാരം ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റ കൃത്യമാണെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ മുഹമ്മദ് അന്‍വര്‍ പറഞ്ഞു. സാമൂഹ്യ വനവത്കരണ വിഭാഗം നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ എ.കെ രാജീവന്‍, മലപ്പുറം റേഞ്ച് ഓഫീസര്‍ പി.എസ് മുഹമ്മദ് നിഷാല്‍, നിലമ്പൂര്‍ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ വി.ബി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.