ഗൂഢാലോചന കൊല്ലാന്‍ തന്നെയായിരുന്നു, ഭരണകൂടത്തിനെതിരെ പോരാട്ടം തുടരും: ഇമ്രാന്‍ ഖാന്‍
പൊതുപരിപാടിയില്‍ വച്ച് വെടിയേറ്റ് ചികിത്സയില്‍ തുടരുന്നതിനിടെ ആശുപത്രിയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. താന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. തന്റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ നീക്കി. തന്നെക്കൊല്ലാനായിരുന്നു ഗൂഢാലോചന നടന്നത്. നാല് പേര്‍ ചേര്‍ന്നാണ് തന്നെ ആക്രമിക്കാന്‍ തിരക്കഥ തയാറാക്കിയത്. ഏത് നിമിഷവും ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ നല്‍കിയ പിന്തുണ വലിയ സന്തോഷം നല്‍കുന്നതാണെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. അഴിമതിയില്‍ മുങ്ങിയ പാകിസ്താന്‍ ഭരണകൂടത്തിനെതിരായ പോരാട്ടം തുടരുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകീട്ട് വസീറാബാദില്‍ ലോങ് മാര്‍ച്ചിനിടെയാണ് ഇമ്രാന്‍ ഖാന് വെടിയേറ്റത്.
വാസിരാബാദിലെ റാലിക്കിടെ അജ്ഞാതര്‍ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഇമ്രാന്‍ഖാന്റെ വലതുകാലിലാണ് വെടിയേറ്റത്. പാകിസ്താനിലെ രാഷ്ട്രീയ അസ്ഥിരതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇമ്രാന്‍ഖാന് നേരെ ഉണ്ടായ ആക്രമണം. സര്‍ക്കാര്‍ വിരുദ്ധ റാലിയെ അഭിസംബോധനചെയ്ത് ട്രക്കിനു മുകളില്‍ സ്ഥാപിച്ച കണ്ടെയ്‌നറില്‍ നില്‍ക്കുമ്പോഴായിരുന്നു അക്രമണം. അജ്ഞാതന്‍ തുരുതുരെ വെടിവയ്ക്കുകയായിരുന്നു.