പാഠം പഠിക്കാതെ സ്‌കൂള്‍ അധികൃതര്‍; വിട്ടുവീഴ്ചയില്ലാതെ മോട്ടോര്‍വാഹന വകുപ്പ്

തിരൂരങ്ങാടിയിലും മലപ്പുറത്തും അപാകത കണ്ടെത്തിയ  സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി

 

പരിശോധനകളും മുന്നറിയിപ്പുകളും കര്‍ശനമാക്കിയിട്ടും പാഠം പഠിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടികള്‍ വരുന്നു. നിര്‍ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും കൂടുതല്‍ നടപടികളുമായാണ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയിട്ടുള്ളത്. നിരത്തുകളിലെ പരിശോധനക്ക് പുറമെ സ്‌കൂളുകളില്‍ കയറിയും പരിശോധന ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ പരിശോധനകളില്‍ 15 വാഹനങ്ങള്‍ക്കെതിരെ വിവിധ അപാകതകള്‍ക്ക് നടപടിയെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍.ടി.ഒ സിവിഎം ഷരീഫിന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കിയത്. വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് അധികൃതര്‍. അപാകത കണ്ടെത്തിയ സ്‌കൂള്‍ ബസിന്റെ വാഹന ഉടമ എന്ന നിലയില്‍ പ്രധാന അധ്യാപകര്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. സുരക്ഷിതമല്ലാത്ത സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്യും.

 

300 സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചതില്‍ ഡോര്‍ ദ്രവിച്ചതും സ്പീഡ് ഗവര്‍ണര്‍ കട്ട് ചെയ്തതുമായ മലപ്പുറത്തെ ഒരു സ്‌കൂള്‍ വാഹനത്തിന്റെയും ബ്രേക്ക് ഉള്‍പ്പെടെയുള്ളതില്‍ അപാകത കണ്ടെത്തിയ തിരൂരങ്ങാടിയിലെ ഒരു സ്‌കൂള്‍ വാഹനത്തിന്റെയും ഫിറ്റ്നസ് ഉദ്യോഗസ്ഥര്‍ റദ്ദ് ചെയ്തു. ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കൊണ്ടുപോയ രണ്ട് സ്‌കൂള്‍ ബസിനെതിരെയും സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത 13 വാഹനങ്ങള്‍ക്കെതിരെയും പെര്‍മിറ്റില്ലാത്ത അഞ്ച് വാഹനങ്ങള്‍ക്കെതിരെയും ഇന്‍ഷുറന്‍സ് ഇല്ലാത്ത രണ്ട് വാഹനങ്ങള്‍ക്കെതിരെയും അടക്കം 26 സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയ ഒരു പ്രൈവറ്റ് വാഹനത്തിനെതിരെയും കേസെടുത്തു.

 

ജില്ല ആര്‍.ടി.ഒ സി.വി.എം ഷരീഫിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ആര്‍.ടി.ഒ ഓഫീസ്, തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, പൊന്നാനി, നിലമ്പൂര്‍ എന്നീ സബ് ഓഫീസുകളിലെയും എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. എന്‍ഫോഴ്സ്മെന്റ് എം.വി.ഐ. പി.കെ മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ കെ.ആര്‍ ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറത്ത് സ്‌കൂളുകളിലെത്തി സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചത്.

 

ജില്ലയില്‍ സ്‌കൂള്‍ ബസുകളുടെ

പരിശോധന കര്‍ശനമായി തുടരും

 

മലപ്പുറം ജില്ലയില്‍ സ്‌കൂള്‍ ബസുകളുടെ പരിശോധന തുടര്‍ന്നും കര്‍ശനമായി നടത്തുമെന്ന് ജില്ലാ ആര്‍.ടി.ഒ സി.വി.എം ഷരീഫ് പറഞ്ഞു. ഗുരുതര നിയമലംഘനം നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് പുറമെ വാഹന ഉടമയായ സ്‌കൂള്‍ മേലധികാരികള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ശിപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലേക്ക് കുട്ടികളുമായി വരുന്ന മറ്റു വാഹനങ്ങള്‍ സ്‌കൂളിലെ ട്രാന്‍സ്പോര്‍ട്ട് ഫെസിലിറ്റേഷന്‍ കമ്മിറ്റി നിരീക്ഷണം നടത്തണം. കുട്ടികളെ കുത്തിനിറച്ചു വരുന്നതും മറ്റ് നിയമലംഘനങ്ങള്‍ നടത്തുന്നതുമായ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ആര്‍ടിഒ ഓഫീസില്‍ അറിയിക്കണമെന്നും ആര്‍.ടി.ഒ പറഞ്ഞു.