‘മീഡിയ വണ്ണിനോടും കൈരളിയോടും സംസാരിക്കില്ല’; മാധ്യമങ്ങള്‍ക്ക് ‘വിലക്കു’മായി വീണ്ടും ഗവര്‍ണര്‍
മാധ്യമങ്ങള്‍ക്ക് വിലക്കുമായി വീണ്ടും ഗവര്‍ണര്‍. വാര്‍ത്താസമ്മേളനത്തില്‍ മീഡിയ വണ്‍, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാരോട് പുറത്ത് പോകാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആക്രോശിച്ചു.പതിവിലും രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്. കേഡർ മാധ്യമങ്ങളോട് സംസാരിക്കാനില്ല. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നെന്നും ഗവർണർ പറഞ്ഞു.
മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. കൈരളി, മീഡിയ വണ്‍ ചാനലുകളില്‍ നിന്ന് ആരെങ്കിലും വാര്‍ത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കില്‍ പുറത്ത് പോകണം. ഇവരോട് താന്‍ സംസാരിക്കില്ല. ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഈ മാധ്യമങ്ങള്‍ തനിക്കെതിരെ ക്യാമ്പെയിന്‍ നടത്തുകയാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവർണറുടെ മറുപടി.
കേരളത്തിലെ ജനങ്ങൾ തൊഴിലില്ലാതെ വലയുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐഎം കേഡർമാർക്ക് മാത്രം തൊഴിൽ കിട്ടുന്ന സ്ഥിതിയാണ് കേരളത്തിൽ. പ്രധാനമന്ത്രിയെ വിമർശിക്കാനില്ല. ചിലർ രാജ്ഭവൻ നിയന്ത്രിക്കാൻ ശ്രമിച്ചു, അതിന് വഴങ്ങില്ല. വിസി മാരുടെ കാര്യത്തിൽ കത്ത് വായിച്ച ശേഷം മറുപടിയെന്ന് അദ്ദേഹം പറഞ്ഞു.