പൊന്നാനിയിൽ നിന്ന് കോടതി മാറ്റാനുള്ള തീരുമാനം പിൻവലിക്കണം: കോൺഗ്രസ് 

പൊന്നാനി: മുൻസീഫ് മജിസ്ട്രേറ്റ് കോടതി പൊന്നാനിയിൽ നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എൻ.നന്ദകുമാർ എം.എൽ.എ യെ കണ്ട് ആവശ്യപ്പെട്ടു.

ഈയിടെ അമ്പത് ലക്ഷത്തിലധികം രൂപ ചിലവഴിച്ച് പുനർ നിർമ്മാണം നടത്തി ശക്തിപ്പെടുത്തിയ കെട്ടിടത്തിൽ തന്നെ കോടതി നിലനിർത്തണം.

കെട്ടിടം മ്യൂസിയം ആക്കാനുള്ള നീക്കമുണ്ടെങ്കിൽ തൊടുത്തുള്ള മിനി സിവിൾ സ്റ്റേഷനിൽ പുതിയ കെട്ടിടം നിർമ്മിച്ച് കോടതി അവിടെക്ക് മാറ്റണം എന്നും ആവശ്യപ്പെട്ടു.

പൊന്നാനിയിൽ കുടുംബ കോടതിയും, ലാന്റ് ട്രിബ്യൂണലും കൊണ്ടുവരുവാൻ സർക്കാറിൽ സമർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.

ഈയിടെ സ്വകാര്യ കെട്ടിടത്തിലെക്ക് മാറ്റിയ സബ്ബ് ട്രഷറിയും, വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മറ്റ് സർക്കാർ ഓഫീസുകളും

മിനി സിവിൾ സ്റ്റേഷനിൽ പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു.

പൊന്നാനി എം.ഇ.എസ് കോളേജിന് അടുത്ത് സർക്കാറിന്റെ കൈവശമുള്ള വിശാലമായ ഏക്കർകണക്കിന് ഭൂമി നാടിന്റെ വികസനത്തിനും,ജനങ്ങളുടെ പൊതു ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പറ്റാവുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ എം.എൽ.എ മുൻകൈ എടുക്കണമെന്നും കോൺഗ്രസ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

 

എം.എൽ.എ യുടെ ഈ വർഷത്തെ ആസ്തി വികസന ഫണ്ടായ പത്ത് കോടി മുടക്കി താലൂക്ക് സിവിൾ സ്റ്റേഷനിൽ എല്ലാ സൗകര്യങ്ങളുമുള്ള പുതിയ മൂന്ന് നില കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായും എത്രയുംപെട്ടെന്ന് നിർമ്മാണം ആരംഭിക്കുമെന്നും കെട്ടിടം പൂർത്തിയായാൽ പൂർണ്ണമായി എല്ലാ ഓഫീസുകളും സിവിൾ സ്റ്റേഷനിലെക്ക് കൊണ്ടുവരുമെന്നും എം.എൽ.എ ഉറപ്പ് നൽകി.

കോൺഗ്രസ് നേതാവ് സി.ഹരിദാസ് എക്സ് എം.പി, കെ.പി.സി.സി മെമ്പർ വി.സെയ്തു മുഹമ്മത് തങ്ങൾ, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, ജെ.പി.വേലായുധൻ, എം.അബ്ദുൾ ലത്തീഫ്, എ.പവിത്രകുമാർ,എൻ.പി.സുരേന്ദ്രൻ, ടി.വി.ബാവ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.