സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ചോടിയ ടെമ്പോ ട്രാവലര്‍ പിടിയില്‍
വാഹനത്തിന് ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയ ഒരു രേഖകളുമില്ലതെ സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ചോടിയ ടെമ്പോ ട്രാവലര്‍(കോണ്‍ടാക്ട് ക്യാരേജ്) വാഹനത്തെ കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. നിയമത്തെ വെല്ലുവിളിച്ചും സ്‌കൂള്‍ കുട്ടികളുടെ യാത്രയ്ക്ക് യാതൊരു സുരക്ഷ കല്‍പ്പിക്കാതെയുമാണ് വാഹനം സര്‍വീസ് നടത്തിയത്. ജില്ലാ ആര്‍ടിഒ സിവിഎം ഷരീഫിന്റെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.പ്രജീഷ്, സി.വി മാര്‍ത്താണ്ഡന്‍, പി.സെന്തില്‍, വി.വിഷ്ണു, ഡ്രൈവര്‍ അജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ സമയങ്ങളില്‍ പരിശോധന നടത്തുന്നതിനിടെയാണ് മഞ്ചേരി നറുകരയില്‍ വാഹനം പിടിയിലായത്. മഞ്ചേരി ബോയ്‌സ് സ്‌കൂള്‍, മഞ്ചേരി ഗേള്‍സ് സ്‌കൂള്‍, ചുള്ളക്കാട് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് കുട്ടികളെയെടുത്ത് പോകുന്ന വാഹനമാണിത്. കുട്ടികളോടൊപ്പം അധ്യാപകരും ഈ വാഹനത്തില്‍ യാത്ര ചെയ്തിരുന്നു. വാഹന രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇന്‍ഷുറന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, ടാക്‌സ് തുടങ്ങിയ ഒന്നു വാഹനത്തിന് ഇല്ലായിരുന്നു. ഉടനെ തന്നെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ വാഹനം കസ്റ്റഡിയിലെടുത്ത് മലപ്പുറം ആര്‍ടിഒ ഓഫീസ് പരിസരത്തേക്ക് മാറ്റി. തൃശ്ശൂര്‍ സ്വദേശിയുടെ പേരിലുള്ള ഈ വാഹനം മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേരി സ്വദേശി വാങ്ങിയതാണ്.