‘പിതാവിനെ അപകീര്‍ത്തിപ്പെടുത്തി’; സംസ്‌കൃത കോളജിന് മുന്നില്‍ ബാനര്‍ സ്ഥാപിച്ചതില്‍ വിശദീകരണം തേടി ഗവര്‍ണര്‍
തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളജിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരായി ബാനര്‍ സ്ഥാപിച്ച വിഷയത്തില്‍ വിശദീകരണം തേടി ആരിഫ് മുഹമ്മദ് ഖാന്‍. കോളജിന് മുന്നില്‍ ഗവര്‍ണറുടെ പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് എസ്എഫ്‌ഐ ബാനര്‍ സ്ഥാപിച്ചത്. സംസ്‌ക്യത കോളജ് പ്രിന്‍സിപ്പലിനോടാണ് ഗവര്‍ണര്‍ വീശദികരണം തേടിയത്. കോളജിനുമുന്നില്‍ കണ്ട ബാനറുമായ് ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
അതേസമയം പുതിയ വി സി മാരുടെ നിയമന നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവര്‍ണറുടെ നീക്കം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2-3 മാസത്തിനകം പുതിയ വി സിമാര്‍ സ്ഥാനത്ത് ഉണ്ടാകുമെന്ന് ഗവര്‍ണര്‍ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. രണ്ട് മാസത്തിനുള്ളില്‍ തന്നെ പേരുകള്‍ നല്‍കാന്‍ സെലക്ഷന്‍ കമ്മറ്റിയോട് ആവശ്യപ്പെടും 3 മുതല്‍ അഞ്ചുവരെ പേരുകള്‍ ഉള്ള പട്ടികയാണ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയെന്നും ചാന്‍സിലര്‍ എന്ന നിലയില്‍ ബാഹ്യ ഇടപെടല്‍ ഇല്ലാതെ വി സി ക്ക് പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കേണ്ടത് തന്റെ കടമയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കോടതിയുടെ തീരുമാനം വന്ന ശേഷം മാത്രമേ നിയമന നടപടികള്‍ ആരംഭിക്കു എന്ന് ഗവര്‍ണര്‍ പിന്നീട് പ്രതികരിച്ചു. സുപ്രിംകോടതി, ഹൈക്കോടതി വിധികളുടെ പശ്ചാത്തലത്തില്‍ പുതിയ വി.സി നിയമന നടപടികളിലേക്ക് കടക്കാനാണ് നീക്കം എന്നാണ് രാജ്ഭവന്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.