ഡിസംബര്‍ ആദ്യവാരത്തോടെ പാല്‍ വില കൂടും; മന്ത്രി ജെ.ചിഞ്ചുറാണി
ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല്‍ വില വര്‍ധിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ വര്‍ധിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ക്ഷീരകര്‍ഷകരുമായി ഉള്‍പ്പെടെ കൂടിയാലോചിച്ച ശേഷം തുകയില്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാവും വിലവര്‍ധനവ്.
മില്‍മയ്ക്ക് വില വര്‍ധിപ്പിക്കാനുള്ള അധികാരം ഉണ്ടെങ്കിലും വിലവര്‍ധിപ്പിക്കുക സര്‍ക്കാരുമായി കൂടിയാലോചിച്ചെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡി പുനരാരംഭിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.
ലിറ്ററിന് 8 രൂപ 57 പൈസ കൂട്ടണമെന്നാണ് മില്‍മയുടെ ശുപാര്‍ശ. ഈ മാസം 21നകം വില വര്‍ദ്ധന പ്രാബല്യത്തില്‍ വരുത്തണമെന്നാണ് മില്‍മ സര്‍ക്കാരിന് നല്‍കുന്ന ശുപാര്‍ശയില്‍ പറയുന്നത്. പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ചാണ് നിലവിലെ തീരുമാനം.പാലക്കാട് കല്ലേപ്പുളളിയില്‍ ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗത്തില്‍ മില്‍മ പാല്‍ ലിറ്ററിന് 8 രൂപ 57 പൈസ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്.