പെരിയ കേസ് പ്രതികളെ കണ്ണൂർ ജയിലിൽ നിന്നും വിയ്യൂരിലേക്ക് മാറ്റണം; ഉത്തരവിട്ട് സിബിഐ കോടതി

പെരിയ കേസ് പ്രതികളെ ജയിൽ മാറ്റാൻ സിബിഐ കോടതി ഉത്തരവ്. കണ്ണൂരിൽ നിന്നും വിയ്യൂരേക്കാണ് പ്രതികളെ മാറ്റുന്നത്. പ്രതി പീതാംബരന്റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. കോടതിയറിയാതെ ആയുർവ്വേദ ചികിത്സ നൽകിയതിന് ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് മാപ്പ് പറയുകയും ചെയ്തു. പീതാംബരൻ്റെ ആരോഗ്യ നില പരിശോധിക്കാൻ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്.

 

ചട്ടവിരുദ്ധമായി പ്രതി എ. പീതാംബരന് ചികിൽസ അനുവദിച്ചതോടെയാണ് കോടതി കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ടിനോട് വിശദീകരണം തേടിയത്. ജയിൽ സൂപ്രണ്ട് ആർ. സാജൻ മറ്റൊരു കേസിൽ സസ്പെൻഷനിലായതു കൊണ്ടാണ് ജോയിൻ്റ് സൂപ്രണ്ട് നസീം ഹാജരായത്. കോടതിയുടെ അനുമതിയില്ലാതെ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് പീതാംബരന് ആയുർവേദ ചികിൽസ അനുവദിച്ചത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങൾ നടത്തിയത്.

 

ഒക്ടോബർ 14 നാണ് പീതാംബരന് അസുഖമായതിനെ തുടർന്ന് ജയിൽ ഡോക്ടറായ അമർനാഥിനോട് പരിശോധിക്കാൻ ജയിൽ സൂപ്രണ്ട് നിർദ്ദേശം നൽകിയത്. പീതാംബരന് വിദഗ്ധ ചികിത്സ വേണമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു. ശേഷം 19 -ാം തിയതിയാണ് പീതാംബരന് കിടത്തി ചികിത്സ വേണമെന്ന റിപ്പോർട്ട് വന്നത്. ‌അങ്ങനെ 24-ാം തിയതി സിബിഐ കോടതിയുടെ അനുമതിയില്ലാതെ ജയിൽ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു.