സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭരണഘടനാ സാക്ഷരത നല്‍കും -സ്പീക്കര്‍ എ.എന്‍ ഷംസീര്‍

മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ദിനാചരണവും ആര്യാടന്‍ മുഹമ്മദ് സ്മാരക ഹാളിന്റെ സമര്‍പ്പണവും സ്പീക്കര്‍ നിര്‍വഹിച്ചു


സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭരണഘടനാ സാക്ഷരത നല്‍കുമെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ദിനാചരണവും ആര്യാടന്‍ മുഹമ്മദ് സ്മാരക ഹാളിന്റെ സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ മുഖേനയാണ് ഭരണഘടന സാക്ഷരത നല്‍കുക. ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് ആവശ്യമാണ്. മതനിരപേക്ഷതയുടെ അംബാസിഡര്‍മാരായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ആര്യാടന്‍ മുഹമ്മദും. ഇരുവരുടെയും ജീവിതം പുതുതലമുറ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ജനങ്ങള്‍ക്കിടയില്‍ ശാസത്രബോധം വളര്‍ത്തേണ്ടത് ആവശ്യമാണ്. ശാസ്ത്രബോധമുള്ളവരുടെ ചിന്തയില്‍ വിശാലതയും സഹിഷ്ണുതയുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനും മുന്‍ എംപിയുമായ സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. പി.ഉബൈദുള്ള എം.എല്‍.എ, ഇ.എന്‍ മോഹന്‍ദാസ്, അഡ്വ. വിഎസ് ജോയ്, ആര്യാടന്‍ ഷൗക്കത്ത്, വീക്ഷണം മുഹമ്മദ്, പിടി അജയ്മോഹന്‍, വിഎ കരീം, വി.സുധാകരന്‍, റിയാസ് മുക്കോളി എന്നിവര്‍ സംസാരിച്ചു.