കാനറികളുടെ ചിറകരിഞ്ഞ് ക്രോയെഷ്യ; ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്ത്;ഗോള്‍ വേട്ടയില്‍ പെലെയ്‌ക്കൊപ്പമെത്തി നെയ്മര്‍

ഫിഫ ലോകകപ്പിൽ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് ക്രോയെഷ്യ സെമിയിൽ. ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ (4-2) ബ്രസീലിനെ വീഴ്‌ത്തിയത്. നിശ്ചിത സമയം ഗോൾരഹിതമായും അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയും ചെയ്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ക്രൊയേഷ്യയുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് സേമിയാണിത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. ഇതോടെ കാനറികൾ പുറത്തേക്ക്.

അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ബ്രസീല്‍ മുന്നിലെത്തിയത് നെയ്മറുടെ ഗോളില്‍. ബോക്‌സിന് പുറത്തുനിന്ന് പക്വേറ്റയുമായി നടത്തിയ മികച്ച നീക്കത്തിനൊടുവിലാണ് നെയ്മര്‍ വലകുലുക്കിയത്‌. കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ജയമുറപ്പിച്ച ബ്രസീലിനെതിരെ സമനില ഗോള്‍ നേടി ക്രൊയേഷ്യ തിരിച്ചുവന്നു. പെറ്റ്‌കോവിച്ചാണ് ടീമിന് പ്രതീക്ഷയുടെ ഗോൾ സമ്മാനിച്ചത്.

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. വിജയഗോളിനായി സമ്മർദ്ദം ചെലുത്തി ബ്രസീൽ ആക്രമിച്ചു കയറിയെങ്കിലും ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെ തകർപ്പൻ സേവുകൾ ടീമിന് രക്ഷയായി. ഗോളെന്ന് തോന്നിച്ച അഞ്ചോളം ഷോട്ടുകളാണ് ലിവാകോവിച്ച് തട്ടിയകറ്റിയത്. ക്രൊയേഷ്യൽ വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് എട്ടു ഷോട്ടുകളാണ് ബ്രസീൽ തൊടുത്തത്. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ രണ്ടു തവണയാണ് ബ്രസീൽ ഗോളിന് അടുത്തെത്തിയത്.

ആദ്യ പകുതിയിൽ കരുത്തരെ വരിഞ്ഞു മുറുക്കുന്ന പ്രകടനമായിരുന്നു ക്രൊയേഷ്യയുടേത്. ബ്രസീലിയന്‍ നീക്കങ്ങളുടെ മുനയൊടിച്ചത് നിരവധി തവണ. പ്രത്യാക്രമണത്തിലൂടെ നല്ല നീക്കങ്ങള്‍ നടത്താനും ക്രൊയേഷ്യക്ക് കഴിഞ്ഞു. നെയ്മാറും വിനീസ്യൂസ് ജൂനിയറും റിച്ചാർലിസനും ചേർന്ന് ഇടതുവിങ് കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റങ്ങൾ ബ്രസീലിന്റെ ആക്രമണങ്ങൾക്ക് ജീവൻ നൽകി. 5 ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ മുന്നിലെത്താൻ ബ്രസീലിൻ്റെ ആദ്യ ശ്രമം.

ബോക്‌സിന്റെ അരികിൽ നിന്ന് വിനീഷ്യസ് ഉതിർത്ത ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച് കൈയ്യിലൊതുക്കി. 13ാം മിനിറ്റിൽ ക്രൊയേഷ്യ സുവർണാവസരം പാഴാക്കി. ജുറനോവിച്ചിന്‍റെ പാസ് സ്വീകരിച്ച് മുന്നേറിയ പെരിസിച്ചിൻ്റെ ഷോട്ട് പുറത്തേക്. 21ാം മിനിറ്റിൽ നെയ്മർ തൊടുത്ത ഷോട്ട് ഗോളി ലിവകോവിച്ച് അനായാസം കൈയിലൊതുക്കി.

26–ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ജുരാനോവിച്ചിന്റെ അപകടകരമായ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ അപകടകരമായി ഫൗൾ ചെയ്ത ഡാനിലോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി. 30ാം മിനിറ്റിൽ ക്രൊയേഷ്യൽ മുന്നേറ്റത്തിനൊടുവിൽ പെരിസിച്ച് തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. 41ാം മിനിറ്റിൽ ബ്രസീലിനു അനുകൂലമായി ഫ്രീകിക്ക്. നെയ്മറിന്‍റെ കിക്ക് നേരെ ഗോളിയുടെ കൈയിലേക്ക്.