മെസിയെ തടയുക പ്രയാസം തന്നെയാണ് പക്ഷേ ഭയമില്ല: ലൂക്ക മോഡ്രിച്ച്

 

ഫുട്‌ബോള്‍ മാമാങ്കം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. നാല് ടീമുകളാണ് സെമിയില്‍ മാറ്റുരയ്ക്കുന്നത്. കരുത്തരായ അര്‍ജന്റീനയെ ഇന്ന് നേരിടാനൊരുങ്ങുമ്പോള്‍ തങ്ങളുടെ പ്രതീക്ഷകളും മുന്നൊരുക്കങ്ങളും തുറന്നുപറയുകയാണ് ക്രൊയേഷ്യയുടെ നായകന്‍ ലൂക്ക മോഡ്രിച്ച്. അര്‍ജന്റീനയെ ഭയക്കുന്നില്ലെന്ന് പറയുന്ന മോഡ്രിച്ച് വിരമിക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് പിന്നീട് പറയാമെന്നും ഇപ്പോള്‍ താന്‍ ഇന്നത്തെ കളിയിലും ക്രൊയേഷ്യയിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ലൂക്ക മോഡ്ര്വിച്ച് പറഞ്ഞു.

 

‘അര്‍ജന്റീന വലിയ ടീമാണ്. മെസി വലിയ താരവും. അദ്ദേഹത്തെ തടയുക എന്നത് വളരെ പ്രയാസമാണ്. ഒരു കളിക്കാരനെതിരെ മാത്രം കളിക്കാനല്ല ഞങ്ങളുടെ ടീം ആഗ്രഹിക്കുന്നത്. ഈ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ കളി ഞങ്ങള്‍ പുറത്തെടുക്കും’. അര്‍ജന്റീനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ലൂക്ക മോഡ്ര്വിച്ചിന്റെ മറുപടി ഇങ്ങനെ.

 

കഴിഞ്ഞതവണ കൈവിട്ട കിരീടം സ്വന്തമാക്കുകയെന്നത് മാത്രമാണ് ക്രൊയേഷ്യയുടെ ലക്ഷ്യം. അതിന് ആദ്യത്തെ പ്രതിബന്ധമാണ് അര്‍ജന്റീന. ശക്തമായ പ്രതിരോധവും മോഡ്രിച്ചിറങ്ങുന്ന മധ്യനിരയുമാണ് അവരുടെ ഇന്ധനം. ഫിനിഷിംഗിലെ പോരായ്മ കൂടി മറികടന്നാല്‍ ക്രൊയേഷ്യയ്ക്ക് ആദ്യപടി എളുപ്പമാകും.

 

കിരീടവരള്‍ച്ച തീര്‍ക്കാനിറങ്ങുന്ന അര്‍ജന്റീനയും കന്നിക്കിരീടം ലക്ഷ്യമിടുന്ന ക്രൊയേഷ്യയും നേര്‍ക്കുനേര്‍ വരുമ്പോള്‍, ലുസൈലിലെ ആദ്യ സെമിയില്‍ തീ പാറുമെന്നുറപ്പ്. ആവേശം അലതല്ലുന്ന മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.