ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും

ഇ.പി ജയരാജൻ എൽഡ എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. സിപിഐഎം നേതൃത്വത്തെ സന്നദ്ധത അറിയിച്ചു. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ.പി ജയരാജൻ പങ്കെടുക്കില്ല. സാമ്പത്തിക ആരോപണം ഉയർന്നതിന് പിന്നാലെയാണ് നീക്കം. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ.പി ജയരാജൻ പദവികൾ ഒഴിയാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി വന്നതിന് ശേഷമാണ് ഇ.പി ജയരാജൻ പാർട്ടിയുടെ പ്രധാനപ്പെട്ട പരിപാടികളിൽ നിന്നും കമ്മിറ്റികളിൽ നിന്നുമൊക്കെ മാറി നിൽക്കുന്ന ഒരു സമീപനം സ്വീകരിച്ചുതുടങ്ങിയത്. അതിന്റെ പ്രധാനപ്പെട്ട കാരണം, തന്നെക്കാൾ വളരെ ജൂനിയറായ ഒരാളെ സംസ്ഥാന സെക്രട്ടറി ആക്കുകയും പോളിറ്റ് ബ്യൂറോ അംഗമാക്കുകയും ചെയ്തതിലുള്ള അതൃപ്തിയാണ്. എം.വിഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയതിനുശേഷം ആ നിലയിൽ സഹകരിക്കാൻ ഇ.പി ജയരാജൻ തയ്യാറായിരുന്നില്ല. മുഖ്യമന്ത്രി ചില അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും അത് ഫലവത്തായില്ല. എൽഡിഎഫ് യോഗം ഉള്ളപ്പോൾ മാത്രമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് വരുന്നത്.

 

കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സിപിഐഎമ്മിന്റെ സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജൻ ഇ.പി ജയരാജനെതിരെ മുപ്പത് കോടിയോളം രൂപയുടെ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിക്കുകയും കണ്ണൂരിൽ കെട്ടിപ്പൊക്കിക്കൊണ്ടിരിക്കുന്ന പുതിയ റിസോർട്ട് ഇ.പി ജയരാജൻറെ ബിനാമി സമ്പാദ്യമാണ് എന്ന തരത്തിൽ ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു. ആരോപണം ഉന്നയിക്കുക മാത്രമല്ല, ഇക്കാര്യത്തിൽ ആവശ്യമായ തെളിവുകൾ തൻറെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിൽ ഒരു അന്വേഷണ കമ്മീഷൻ അടക്കം വരാനുള്ള സാധ്യത മുന്നിൽ നിൽക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ ഇ.പി ജയരാജൻ പദവി ഒഴിയാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്. വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു തീരുമാനമാണ് ഇത്.